KOYILANDY DIARY.COM

The Perfect News Portal

സന്നിധാനത്തേക്കുള്ള റോപ് വേ പദ്ധതി എത്രയും വേഗം പൂര്‍ത്തിയാക്കും: മന്ത്രി വി എന്‍ വാസവന്‍

ശബരിമല റോപ് വെ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ തീര്‍ത്ഥാടന കാലത്ത് തന്നെ ആരംഭിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതിനുള്ള പ്രധാന തടസവും നീക്കി ഫയലുകള്‍ തീര്‍പ്പാക്കി. എത്രയും വേഗം പദ്ധതി പൂര്‍ത്തിയാക്കാനാണ് നിലവിലെ തീരുമാനമെന്നും മന്ത്രി പറഞ്ഞു. വര്‍ഷങ്ങളായുള്ള ആഗ്രഹമാണ് ശബരിമല സന്നിധാനത്തേക്കുള്ള റോപ് വേ പദ്ധതി.

പല തടസ്സങ്ങള്‍ കാരണം പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ അവസാന തടസ്സമായ ഭൂമിയുടെ പ്രശ്‌നത്തിനും പരിഹാരമായതോടെ ഈ വര്‍ഷം തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. പദ്ധതിക്കായി 4.53 ഹെക്ടര്‍ ഭൂമി കൊല്ലം ജില്ലയില്‍ റവന്യു വകുപ്പ് കണ്ടെത്തുകയും അത് വനം വകുപ്പ് അംഗീകരിക്കുകയും ചെയ്തതോടെ ഈ തീര്‍ത്ഥാടന കാലത്ത് തന്നെ പദ്ധതിയുടെ നിര്‍മ്മാണം തുടങ്ങുമെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.

 

പദ്ധതിക്കായി വനം വകുപ്പ് വിട്ടു നല്‍കുന്ന ഭൂമിക്ക് പകരം ഭൂമി വനം വകുപ്പ് റവന്യു വകുപ്പിന് നല്‍കും. സന്നിധാനം വരെ 2.7 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് റോപ് വേയുടെ നിര്‍മ്മാണം. 17 വര്‍ഷമായി തര്‍ക്കം നിലനിന്നിരുന്ന പദ്ധതിയുടെ പ്രധാന തടസ്സവും നീങ്ങിയതോടെ എത്രയും വേഗം പദ്ധതി പൂര്‍ത്തിയാക്കാനാണ് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം.

Advertisements
Share news