KOYILANDY DIARY

The Perfect News Portal

ചുരത്തിലെ കുരുക്കിന് പരിഹാരമായി റോപ്‌വേ

താമരശ്ശേരി ചുരത്തിലെ കുരുക്കിന് പരിഹാരമായി റോപ്‌വേ. 2025 ഓടെ പദ്ധതി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. ലക്കിടിയില്‍ നിന്ന് അടിവാരം വരെയാണ് റോപ്‌വേ നിര്‍മ്മിക്കുക. തിരുവനന്തപുരത്തു ചേര്‍ന്ന എം.എല്‍.എ മാരുടെയും വിവിധ സംഘടനാ, വകുപ്പ് പ്രതിനിധികളുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. റോപ്‌വേ നിര്‍മ്മാണ പദ്ധതി വേഗത്തിലാക്കാൻ വനംമന്ത്രി, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, ടൂറിസം, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി ഉടന്‍ യോഗം വിളിക്കാനും തീരുമാനമായി.

വയനാട് ചേംബര്‍ ഓഫ് കൊമേഴ്സിൻ്റെ നേതൃത്വത്തിലുള്ള വെസ്റ്റേണ്‍ ഘട്ട്സ് ലിമിറ്റഡ് എന്ന കമ്പനിക്കായിരിക്കും റോപ്‌വേ നിര്‍മ്മാണ ചുമതല. അടിവാരത്തു നിന്ന് ലക്കിടി വരെ 3.7 കിലോമീറ്റര്‍ നീളത്തിലാണ് റോപ്‌വേ നിര്‍മ്മിക്കുക. 40 കേബിള്‍ കാറുകളാണുണ്ടാവുക. പദ്ധതിയ്ക്കായി 150 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിനായി അടിവാരത്ത് പത്തേക്കര്‍ ഭൂമിയും ലക്കിടിയില്‍ ഒന്നേമുക്കാല്‍ ഏക്കര്‍ ഭൂമിയും വാങ്ങിയിരുന്നു.

പദ്ധതി സാധ്യമായാൽ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റോപ്‌വേ ആയിരിക്കും ഇത്. ഒപ്പം വയനാട്, കോഴിക്കോട് ജില്ലകളിലെ ടൂറിസം സാധ്യതകളും വര്‍ധിക്കും. വിഷയവുമായി ബന്ധപ്പെട്ട യോഗത്തില്‍ എം.എല്‍.എ.മാരായ ടി. സിദ്ദിഖ്, ലിൻ്റോ ജോസഫ്, വയനാട് ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് ജോണി പാറ്റാനി, ഒ. എ. വീരേന്ദ്രകുമാര്‍, ബേബി നിരപ്പത്ത് തുടങ്ങിയവരും പങ്കെടുത്തു.

Advertisements