KOYILANDY DIARY

The Perfect News Portal

ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിപദം ഉറപ്പിച്ചു

ലണ്ടൻ: ഇന്ത്യൻ വംശജനായ ഋഷി സുനക് (42)  ബ്രിട്ടന്റെ പ്രധാനമന്ത്രിപദം ഉറപ്പിച്ചു. പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തിന് ആവശ്യമായ 100 എംപിമാരുടെ പിന്തുണ ഉറപ്പാക്കാനാവാതെ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനും പിന്നാലെ ഹൗസ് ഓഫ് കോമൺസ് നേതാവ്  പെനി മോർഡന്റും പിന്മാറിയതോടെയാണ് ഋഷി സുനക്കിന്‌ പദവി ഉറപ്പായത്‌. ബ്രിട്ടന്റെ പ്രധാനമന്ത്രിപദത്തിലെത്തുന്ന ആദ്യ ഏഷ്യക്കാരൻ കൂടിയാണ് അദ്ദേഹം.

എംപിമാരുടെ പിന്തുണ ഉറപ്പാക്കാൻ അനുവദിച്ചിരുന്ന സമയപരിധി അവസാനിച്ചതോടെ നൂറിലെറെ എംപിമാരുടെ പരസ്യപിന്തുണ ഉറപ്പാക്കിയ ഏക സ്ഥാനാർഥി ഋഷി സുനക് മാത്രമാണ്‌. ബോറിസ് ജോൺസന് 57 എംപിമാരുടെ പിന്തുണ മാത്രമാണ് ഉറപ്പാക്കാനായത്. പെനി മോർഡന്റിന് 30 എംപിമാരുടെ പിന്തുണയേ ലഭിച്ചുള്ളൂ.

ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ സെപ്റ്റംബർ 5 ന് നടന്ന വോട്ടെടുപ്പിൽ ഋഷി സുനക്കിനെ പരാജയപ്പെടുത്തിായിരുന്നു ലിസ് ട്രസ് പ്രധാനമന്ത്രിയായത്‌. എന്നാൽ ചുമതലയേറ്റ് 45 –ാം ദിവസം അവർ രാജിവച്ചതോടെയാണ് ഋഷി സുനക്കിന് വീണ്ടും അവസരമൊരുങ്ങിയത്.

Advertisements