ബിഎംഡബ്ല്യു കാറിന്റെ ബോണറ്റിൽ ഇരുന്ന് യാത്ര; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

മുംബൈ: പതിനേഴുകാരൻ ഓടിച്ച ബിഎംഡബ്ല്യു കാറിൻ്റെ ബോണറ്റിൽ ഇരുന്ന് യാത്ര ചെയ്തതിന് മുംബൈയിൽ ഒരാൾ അറസ്റ്റിൽ. ശുഭം മതാലിയ (21) ആണ് അറസ്റ്റിലായത്. സംഭവത്തിൽ കാർ ഓടിച്ച പതിനേഴുകാരൻ്റെ പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബിഎംഡബ്ല്യു കാറിൻ്റെ ബോണറ്റിൽ കയറുന്ന ശുഭം മതാലിയയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

മുംബൈയിലെ കല്യാണിലെ ശിവാജി ചൗക്ക് ഏരിയയിലെ തിരക്കേറിയ റോഡുകളിൽ കൗമാരക്കാരൻ കാർ ഓടിക്കുമ്പോൾ സുഭം മതാലിയ ബിഎംഡബ്ല്യു കാറിൻ്റെ ബോണറ്റിൽ ചാരി കിടക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. പതിനേഴുകാരൻ്റെ പിതാവിൻ്റെ പേരിലാണ് ബിഎംഡബ്ല്യു രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. കഴിഞ്ഞ ദിവസം പൂനെയിൽ മദ്യലഹരിയിൽ പതിനേഴുകാരൻ ഓടിച്ച പോർഷെ ഇടിച്ച് രണ്ട് പേർക്ക് മരണം സംഭവിച്ചിരുന്നു.
