KOYILANDY DIARY.COM

The Perfect News Portal

ആവശ്യപ്പെട്ട ധനസഹായം നല്‍കിയില്ല; കണ്ണൂര്‍ ബിഷപ്പ് ഹൗസില്‍ കയറി വൈദികനെ കുത്തിപരുക്കേല്‍പ്പിച്ചു

കണ്ണൂര്‍ ബിഷപ്പ് ഹൗസില്‍ കയറി വൈദികനെ കുത്തിപരുക്കേല്‍പ്പിച്ചു. ആവശ്യപ്പെട്ട ധനസഹായം നല്‍കാത്തതിനെ തുടര്‍ന്നാണ് ആക്രമണം. വൈദികനെ കുത്തിയ കാസര്‍ഗോഡ് ഭീമനടി സ്വദേശി മുഹമ്മദ് മുസ്തഫയെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ബിഷപ്പ് ഹൗസിലെ വൈദികനായ ഫാ. ജോര്‍ജ് പൈനാടത്തിന് നേരെയായിരുന്നു ആക്രമണം. ബിഷപ്പ് ഹൗസില്‍ ധനസഹായം ആവശ്യപ്പെട്ടാണ് മുസ്തഫ എത്തിയത്.

ബിഷപ്പിന്റെ നിര്‍ദേശപ്രകാരം മുസ്തഫ ഓഫീസ് ചുമതലയില്‍ ഉണ്ടായിരുന്ന ഫാ. ജോര്‍ജ് പൈനാടത്തിനെ കണ്ടു. എന്നാല്‍ മുസ്തഫ ആവശ്യപ്പെട്ട പണം നല്‍കാന്‍ വൈദികന്‍ തയാറായില്ല. തുടര്‍ന്നാണ് കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വൈദികനെ കുത്തിയത്. ബിഷപ്പ് ഹൗസില്‍ നേരത്തെ ഉണ്ടായിരുന്ന മറ്റൊരു വൈദികനുമായുള്ള സാമ്പത്തിക തര്‍ക്കം ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടതെന്ന് ഫാ. ജോര്‍ജ് പൈനാടത്ത് പറഞ്ഞു. ആക്രമണത്തില്‍ വൈദികന്റെ വലതു കൈക്കും വയറിനും പരുക്കേറ്റു. എന്നാല്‍ പരുക്ക് ഗുരുതരമല്ല.

Share news