പെരുവട്ടൂർ നടേരിക്കടവ് റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
.
കൊയിലാണ്ടി: വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ നിലയിൽ കിടന്നിരുന്ന പെരുവട്ടൂർ നടേരിക്കടവ് റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. റോഡിന്റെ ദയനീയാവസ്ഥയെ തുടർന്ന് പ്രദേശവാസികൾ ഏറെക്കാലമായി വിവിധ സമരങ്ങളിലൂടെ നവീകരണം ആവശ്യപ്പെട്ട് രംഗത്തുണ്ടായിരുന്നു.

റോഡ് തകർന്നതിനാൽ ഈ വഴിയിലൂടെ സർവീസ് നടത്തിയിരുന്ന ബസ് സർവീസ് പോലും നിർത്തിവെച്ചിരുന്നു. ഇതോടെ സ്കൂൾ വിദ്യാർത്ഥികളും വിവിധ സ്ഥാപനങ്ങളിലേക്കും ഓഫീസുകളിലേക്കും പോകുന്ന ജീവനക്കാരും ഒന്നര കിലോമീറ്ററോളം നടന്ന് പെരുവട്ടൂർ മുക്കിലെത്തി ബസ് കയറേണ്ട അവസ്ഥയിലായിരുന്നു.

പ്രദേശത്തെ പുതിയ ജനപ്രതിനിധികളുടെ ഇടപെടലിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഫണ്ട് അനുവദിച്ചതോടെയാണ് റോഡ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 3.7 മീറ്റർ വീതിയിൽ ടാറിംഗ് നടത്തുകയും ഇരുവശങ്ങളിലും അര മീറ്റർ വീതിയിൽ കോൺക്രീറ്റ് നിർമാണവും നടത്തുകയും ചെയ്യുന്നതാണ് പദ്ധതി. റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ പ്രദേശവാസികളുടെ വർഷങ്ങളായുള്ള യാത്രാ ദുരിതങ്ങൾക്ക് അറുതി വരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.



