കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം; ടിക്കറ്റ് റിസർവേഷൻ ഓഫീസ് ഇന്നുമുതൽ നാലാം പ്ലാറ്റ്ഫോമിലേക്ക് മാറും

കോഴിക്കോട്: റെയിൽവേ സ്റ്റേഷനിൽ 445.95 കോടി രൂപയുടെ നവീകരണ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഒന്നാം പ്ലാറ്റ്ഫോമിൽ പ്രവർത്തിച്ചിരുന്ന ടിക്കറ്റ് റിസർവേഷൻ ഓഫിസ് ഇന്നുമുതൽ നാലാം പ്ലാറ്റ്ഫോമിലേക്കു മാറും. നാലാം പ്ലാറ്റ്ഫോമിൽ പാഴ്സൽ ഓഫിസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണു താൽക്കാലികമായി റിസർവേഷൻ കേന്ദ്രം പ്രവർത്തിക്കുക. ഇന്നലെ വൈകിട്ടത്തോടെ ക്രമീകരണം പൂർത്തിയാക്കി. അൺറിസർവ്ഡ് ടിക്കറ്റ് വിതരണം നിലവിലുള്ള സ്ഥലത്തു തുടരും.

അധികം വൈകാതെ അതും ഒന്നാം പ്ലാറ്റ്ഫോമിലെ മറ്റൊരിടത്തേക്കു മാറ്റും. ഇൻഫർമേഷൻ സെന്ററും ഒരാഴ്ചയ്ക്കകം നാലാം പ്ലാറ്റ്ഫോമിലേക്കു മാറ്റും. നവീകരണ പ്രവൃത്തിയുടെ ഭാഗമായി സ്റ്റേഷനിൽ പൊളിക്കുന്നത് ഒന്നാം പ്ലാറ്റ്ഫോം കെട്ടിടമാണ്. രാജ്യാന്തര നിലവാരത്തിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരിക്കുന്ന പ്രവൃത്തി ആരംഭിച്ചിട്ട് ഒരു വർഷം പൂർത്തിയാകുകയാണ്. 2023 നവംബർ 24 ന് ആണ് പ്രവൃത്തി ആരംഭിച്ചത്. 2026 ഡിസംബറിലാണ് പൂർത്തിയാകുക.
പദ്ധതിയുടെ കരാറുകാർ സേലത്തെ റാങ്ക് പ്രോജക്ട്സ് ആൻഡ് ഡവലപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്. നവീകരണത്തോടെ സ്റ്റേഷന്റെ മുഖഛായ മാറ്റുംവിധമാണ് ഒന്നും നാലും പ്ലാറ്റ്ഫോമുകളിൽ 5 നില കെട്ടിടമുയരുക. 2 നിലകളും യാത്രക്കാരുടെ ആവശ്യങ്ങൾക്കും സൗകര്യങ്ങൾക്കുമാണു വിനിയോഗിക്കുക. ബാക്കി 3 നിലകളും വാണിജ്യാവശ്യങ്ങൾക്കു വിട്ടുകൊടുക്കും. നവീകരണ ഭാഗമായി ഇതുവരെ നടന്ന പ്രവൃത്തികളെല്ലാം നാലാം പ്ലാറ്റ്ഫോമിനു പുറത്താണ്. ഇനി സ്റ്റേഷൻ കെട്ടിടങ്ങൾ പൊളിക്കുന്നതിലേക്കു കടക്കും.
