നാടക പ്രവർത്തകൻ കായലാട്ട് രവീന്ദ്രനെ അനുസ്മരിച്ചു
കൊയിലാണ്ടി: റെഡ് കർട്ടന്റെ ആഭിമുഖ്യത്തിൽ പ്രമുഖ നാടക പ്രവർത്തകനും കെപിഎസിയിലെ അഭിനേതാവുമായിരുന്ന കായലാട്ട് രവീന്ദ്രൻ്റെ. 13-ാം ചരമ വാർഷികത്തിന്റെ ഭാഗമായി അനുസ്മരണസമ്മേളനം സംഘടിപ്പിച്ചു. നഗരസഭ സാംസ്ക്കാരിക നിലയത്തിൽ നടന്ന പരിപാടി നഗരസഭ ചെയർമാൻ യു കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സാമൂഹ്യമാറ്റത്തിനായി മനുഷ്യമനസ്സുകളെ കോർത്തിണക്കി മാതൃകാപരമായ സാംസ്ക്കാരിക പ്രവർത്തനത്തിന് കായലാട്ട് നേതൃത്വം നൽകിയെന്ന് അദ്ദേഹം അനുസ്മരിച്ചു. അനുസ്മരണസമിതി പ്രസിഡണ്ട് ഇ കെ അജിത് അധ്യക്ഷത വഹിച്ചു.
.

.
കവിയും നാടക പ്രവർത്തകനുമായ എം എം സചീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മറ്റൊരു തൊഴിൽമേഖലയിലുമില്ലാത്ത സാമ്പത്തിക അരക്ഷിതാവസ്ഥ നാടക കലാകാരന്മാരുടെ മേഖലയിലുണ്ടെന്നത് പുരോഗമന കേരളം ഉൾക്കൊള്ളണമെന്നും മൂല്യങ്ങൾ ചോരാതെ സങ്കേതങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തി ജനകീയനാടക പ്രവർത്തനങ്ങൾ മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു.
.

.
ക്ലാസ്സിക്കൽ കലാരൂപങ്ങളെല്ലാം കാലാതിവർത്തികളാകണമെങ്കിൽ മാറ്റം ഉൾക്കൊണ്ടേ മതിയാവൂ. മത്സരിക്കുന്ന സ്കൂൾ നാടക പ്രവർത്തനങ്ങളെ, പഠന പ്രവർത്തനങ്ങൾക്ക് ഗുണകരമായ വിധം മുഴുവൻ കുട്ടികൾക്കും പങ്കാളിത്തമുള്ളതാക്കി മാറ്റണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നഗരസഭ ചെയർമാനുള്ള ഉപഹാരം കായലാട്ട് ഗിരിജ രവീന്ദ്രൻ കൈമാറി.
.
സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. എസ് സുനിൽമോഹൻ, റെഡ്കർട്ടൻ പ്രസിഡണ്ട് വി കെ രവി, കെ എസ് രമേഷ്ചന്ദ്ര എന്നിവർ സംസാരിച്ചു. റെഡ്കർട്ടൻ സെക്രട്ടറി രാഗം മുഹമ്മദലി സ്വാഗതവും അനുസ്മരണ സമിതി സെക്രട്ടറി കെ കെ സുധാകരൻ നന്ദിയും പറഞ്ഞു.



