ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരണം; സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ക്കെതിരെ പരാതി

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ കുളത്തിൽ റീൽസ് ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ഇൻഫ്ലുവൻസറും മുൻ ബിഗ് ബോസ് താരവുമായ ജാസ്മിൻ ജാഫറിനെതിരെ പരാതി. ഗുരുവായൂർ ദേവസ്വമാണ് പരാതി നൽകിയത്. ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചാണ് റീൽസ് ചിത്രീകരിച്ചതെന്ന് പരാതിയിൽ പറയുന്നു. ഗുരുവായൂർ ടെമ്പിൾ പൊലീസിലാണ് പരാതി നൽകിയത്.

ക്ഷേത്രക്കുളത്തിലും നടപ്പുരയിലും റീൽസ് ചിത്രീകരിച്ചെന്നും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചെന്നും പരാതിയിൽ പറയുന്നു. പരാതി കോടതിക്ക് കൈമാറി. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഭാഗമായ ക്ഷേത്രക്കുളത്തിൽ മുൻകൂർ അനുമതിയില്ലാതെ വീഡിയോ ചിത്രീകരിക്കാൻ സാധിക്കില്ല. നടപ്പുരയിൽ വീഡിയോ ചിത്രീകരിക്കുന്നതിന് പൂർണമായ വിലക്കുണ്ട്. മൂന്നുദിവസം മുമ്പാണ് ജാസ്മിൻ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. പിന്നീട് വീഡിയോ നീക്കം ചെയ്തു.

