KOYILANDY DIARY.COM

The Perfect News Portal

റാന്നി അമ്പാടി വധക്കേസ്; പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി

റാന്നിയിൽ യുവാവിനെ കാർ ഇടുപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. അമ്പാടിയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ റാന്നി മന്ദമരുതിയിൽ എത്തിയാണ് തെളിവെടുപ്പ് നടത്തിയത്. കേസിലെ നാല് പ്രതികളിൽ ആദ്യ മൂന്നു പ്രതികളായ അരവിന്ദ്, അജോ, ശ്രീക്കുട്ടൻ എന്നിവരെയാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. അമ്പാടിയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ സ്ഥലത്ത് എത്തിച്ച് ആയിരുന്നു തെളിവെടുപ്പ്.

പ്ലാച്ചേരി ഭാഗത്തു നിന്നു എത്തിയാണ് കൊല നടത്തിയെന്ന് പ്രതികൾ പോലീസിന് തെളിവെടുപ്പിൻ്റെ  ഭാഗമായി മൊഴി നൽകി. കൊല്ലപ്പെട്ട അമ്പാടി സുരേഷിനെ ഇടിച്ചുതെറിപ്പിച്ച ശേഷം വാഹനം ദേഹത്തുകൂടി കയറ്റിയിറക്കി നിർത്താതെപോയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ  പ്രതികൾ  പൊലീസിനോട് വിവരിച്ചു. ഏഴു മിനിറ്റോളം നീണ്ടുനിന്ന ആദ്യഘട്ട തെളിവെടുപ്പിന് ശേഷം പ്രതികളെ തർക്കം നടന്ന ബിവറേജസ് കോർപ്പറേഷന് മുന്നിലേക്ക് എത്തിച്ചും പൊലീസ് തെളിവ് ശേഖരിച്ചു. 

 

പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവരുന്നത് അറിഞ്ഞ് നിരവധി ആളുകൾ പ്രദേശത്ത് തടിച്ചുകൂടി. കനത്ത സുരക്ഷ ഒരുക്കിയാണ് പ്രതികളെ പൊലീസ് എത്തിച്ചത്. വാക്കു തർക്കത്തെ തുടർന്നുണ്ടായ സംഘർഷം എന്നതിനപ്പുറം പ്രതികൾ തമ്മിൽ മറ്റു മുൻവൈരാഗ്യങ്ങളൊന്നും ഇല്ലെന്ന് പൊലീസ് ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. ബിവറേജസിനു മുന്നിൽ ഉണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊല്ലപ്പെട്ട അമ്പാടി ആദ്യ സംഘർഷത്തിൽ ഉണ്ടായിരുന്നില്ല. സുഹൃത്തും സഹോദരങ്ങളും വിളിച്ചുവരുത്തുകയായിരുന്നു. 

Advertisements
Share news