പ്രതിപക്ഷ പാർട്ടികൾ ബോധപൂർവം സഭ തടസ്സപ്പെടുത്തിയതിനാലാണ് എം.പി.മാരെ സസ്പെൻ്റ് ചെയ്തതെന്ന് രാജ്യസഭ അധ്യക്ഷൻ
ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികൾ ബോധപൂർവം സഭ തടസ്സപ്പെടുത്തിയതിനാലാണ് ശീതകാല സമ്മേളനത്തിൽ കൂട്ട സസ്‌പെൻഷനുണ്ടായതെന്ന് അറിയിച്ച് രാജ്യസഭാധ്യക്ഷൻ ജഗ്‌ദീപ് ധൻഖർ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയ്‌ക്ക് കത്തയച്ചു. പാർലമെന്റിൽ വച്ച് ഖാർഗെയെ പലവട്ടം കൂടിക്കാഴ്‌ചയ്‌ക്കായി ക്ഷണിച്ചിട്ടും വരാതിരുന്നതിൽ തനിക്ക് നിരാശയുണ്ടെന്നും കത്തിൽ പറഞ്ഞു.

തിങ്കളാഴ്‌ചയോ അതല്ലെങ്കിൽ ഖാർഗെയ്‌ക്ക് സൗകര്യപ്പെടുന്ന മറ്റേതെങ്കിലും ദിവസമോ തന്റെ വസതിയിൽ കൂടിക്കാഴ്‌ചയ്‌ക്ക് ഒരുക്കമാണെന്നും രാജ്യസഭാധ്യക്ഷൻ അറിയിച്ചു. പാർലമെന്റിൽ സംഭവിച്ച സുരക്ഷാവീഴ്‌ചയെ കുറിച്ച് അർഥപൂർണമായ ചർച്ച മാത്രമാണ് പ്രതിപക്ഷം താൽപ്പര്യപ്പെട്ടതെന്നും എന്നാൽ അത് അനുവദിക്കപ്പെട്ടില്ലെന്നും ചൂണ്ടിക്കാട്ടി ഖാർഗെ കഴിഞ്ഞ ദിവസം ധൻഖറിന് കത്തയച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് കൂടിക്കാഴ്‌ചയ്‌ക്കായുള്ള ധൻഖറുടെ ക്ഷണം.

