KOYILANDY DIARY.COM

The Perfect News Portal

വര്‍ക്കലയില്‍ മകളുടെ വിവാഹത്തലേന്ന് കൊല്ലപ്പെട്ട രാജുവിന്റെ മകള്‍ ശ്രീലക്ഷ്മി വിവാഹിതയായി

തിരുവനന്തപുരം: വര്‍ക്കലയില്‍ മകളുടെ വിവാഹത്തലേന്ന് കൊല്ലപ്പെട്ട രാജുവിന്റെ മകള്‍ ശ്രീലക്ഷ്മി വിവാഹിതയായി. രാജുവിന്റെ മരണത്തെത്തുടർന്ന് മാറ്റിവച്ച വിവാഹമാണ് ഇന്ന് നടന്നത്. നേരത്തെ വിവാഹം ഉറപ്പിച്ചിരുന്ന തിരുവനന്തപുരം സ്വദേശി വിനു തന്നെയാണ് വരൻ.  ശിവഗിരി ശാരദാ മഠത്തിലായിരുന്നു വിവാഹം. വിനുവും കുടുംബവും മുൻ കെെയെടുത്താണ് വിവാഹം നടത്തിയത്. രാജുവിന്റെ മരണം നടന്ന് അധികമാകാത്തതിനാൽ ആർഭാടങ്ങളൊഴിവാക്കി ലളിതമായാണ് വിവാഹം നടത്തിയത്.

കഴിഞ്ഞ മാസം 28നാണ് ശ്രീലക്ഷ്മിയുടെയും വിനുവിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ കല്യാണതലേന്ന് രാത്രി വീട്ടിൽ അതിക്രമിച്ച് കയറിയ അയൽവാസികളായ പ്രതികൾ രാജുവിനെ മൺവെട്ടികൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു. തടയാൻ ശ്രമിച്ച അടുത്ത ബന്ധുക്കൾക്കും പരിക്കേറ്റിരുന്നു. ഏറെ ആഹ്ളാദത്തോടെ പിറ്റേന്ന് വിവാഹം നടക്കേണ്ട കല്യാണപന്തലിലാണ് രാജു കൊല്ലപ്പെട്ടത്. ദീർഘകാലം വിദേശത്തായിരുന്ന രാജു തിരികെവന്ന് നാട്ടിൽ ഓട്ടോ ഓടിച്ചാണ് കഴിഞ്ഞിരുന്നത്.

ശ്രീലക്ഷ്മിയെ വിവാഹം ചെയ്യാൻ താൽപര്യമുണ്ടായിരുന്ന അയൽവാസി ജിഷ്ണു, സഹോദരൻ ജിജിൻ, സുഹൃത്തുക്കളായ ശ്യാം, മനു എന്നിവരാണ് വീട്ടിൽ കയറി കുടുംബത്തെ ആക്രമിച്ചത്. ജിഷ്ണുവിന്റെ ആലോചന ശ്രീലക്ഷ്മിക്കും കുടുംബത്തിനും സ്വീകാര്യമായിരുന്നില്ല. ശ്രീലക്ഷ്മിയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചതിലെ വൈരാഗ്യം മൂലമാണ് ആക്രമണം. വിവാഹം നടത്തിക്കില്ലെന്ന് വിഷ്ണു വെല്ലുവിളിച്ചിരുന്നു. കേസിൽ നാല് പേരും റിമാൻഡിലാണ്.

Advertisements

 

Share news