ഷജ്മ അനീസ് തിക്കോടിയുടെ ഓർമ്മയിലെ മഴത്തുള്ളികൾ

ഷജ്മ അനീസ് തിക്കോടിയുടെ ‘ഓർമ്മയിലെ മഴത്തുള്ളികൾ’ ചെറുകഥയിലൂടെ… ഒരു എത്തിനോട്ടം..
.
തെളിഞ്ഞിരുന്ന ആകാശം എത്രപെട്ടെന്നാണ് കാർമേഘങ്ങളാൽ മൂടപ്പെട്ടത്. ചെറുതായി വീശുന്ന കാറ്റിനോപ്പം ഇടിമുഴക്കവും കേൾക്കുന്നുന്നുണ്ട്…. ക്ലാസ്സിലെ ജനാലയിൽ കൂടെ പുറത്തേക്കു നോക്കുമ്പോ ൾ മനസ്സിൽ ചെറിയ ഒരു പേടിയും വന്നു.

രാവിലെ സ്കൂളിലേക്ക് വരുമ്പോൾ കുടയെടുക്കാൻ ഉമ്മ ഒരു നൂറുതവണ പറഞ്ഞതാണ്…. കുഞ്ഞു വടിയും കയ്യിലെടുത്തു കണ്ട പുല്ലിനും മരത്തിനും അടിച്ചു കൊണ്ട് നടക്കുന്ന സുഖം കുട കയ്യിൽ വെച്ചാൽ ഉണ്ടാകില്ലല്ലോ എന്ന് കരുതി മനഃപൂർവം എടുക്കാതിരുന്നതാ…. ഞാൻ എടുക്കാത്തത് കൊണ്ട് അരുമയായ അനിയന്മാരും എടുത്തിട്ടില്ല…
.
“ഷെജൂച്ച എടുത്തില്ലല്ലോ അതുകൊണ്ട് ഞാക്കും മാണ്ട ” എന്നും പറഞ്ഞവർ എന്റെ പിന്നാലെ പോരുകയായിരുന്നു….എനിക്ക് മഴ കൊള്ളുന്നത് കൊണ്ട് ഒരു പ്രശ്നവുമില്ല…. പക്ഷെ ഇവന്മാരെ ഈ മഴയത്തു ഞാൻ എങ്ങനെ വീടുവരെ എത്തിക്കും എന്നതായിരുന്നു എന്റെ ടെൻഷൻ…. അല്ലെങ്കിലും ആരു എന്ത് ചെയ്താലും കുറ്റം പണ്ടേ എനിക്ക് മാത്രം ആയിരുന്നു….അല്ലെങ്കിൽ തന്നെ ഇവന്മാരെ കുരുത്തക്കേട് പഠിപ്പിക്കുന്നത് ഞാനാണെന്നാണ് എല്ലാരും പറഞ്ഞു നടക്കുന്നത്….

അനിയന്മാർ എന്ന് പറയുന്നത് സ്വന്തം അല്ലാട്ടോ ബാപ്പാന്റെ അനുജന്റെ മക്കളും ഇത്താന്റെ മോനും ഒക്കെയാണ്….എന്നാലും അവരെനിക്ക് സ്വന്തം തന്നെയായിരുന്നു…
.
അവരുടെ കുരുത്തക്കേടിനുള്ള അടി പണ്ട് മുതലേ വാങ്ങിച്ചു കൂട്ടുന്നത് ഞാനായിരിക്കും.. എന്റെ രണ്ടും മൂന്നും നാലും വയസ്സിനു ഇളയവരാണ് അവരൊക്കെ, ഈ കുട്ടിപ്പട്ടാളത്തിന്റെ ലീഡർ ഞാനയത് കൊണ്ട് ആര് എന്ത് ചെയ്താലും വഴക്കും അടിയും എനിക്ക് മാത്രമാണ് കൂടുതലായും കിട്ടിയത്…

എത്ര തവണ അടി ഭയന്നു ഞാൻ വീട്ടിൽ കയറാതെ ഇരുട്ടിൽ മുറ്റത്തിരിന്നിട്ടുണ്ട്.. എല്ലാ കുരുത്തക്കേടും ഒപ്പിച്ചത് അവന്മാർ ആണെങ്കിലും പഴി മൊത്തം എന്റെ തലയിലും ആയിരിക്കും.
.
ടിം.. ടിം… ടിം… ലോങ്ങ് ബെല്ലിന്റെ ശബ്ദം എന്നെ ചിന്തയിൽ നിന്നുണർത്തി…
ഞാൻ ബാഗുമെടുത്തു അനിയന്മാരെ കൂട്ടാൻ അവരുടെ ക്ലാസ്സിലേക്ക് പോയി… ഒന്നിലും രണ്ടിലും പഠിക്കുന്ന അവരുടെ കയ്യും പിടിച്ചു നാലാം ക്‌ളാസുകാരിയായ ഞാൻ കോരിച്ചൊരിയുന്ന മഴയിലേക്ക് അൽപനേരം നോക്കി നിന്നു…
.
പിന്നെ രണ്ടും കല്പ്പിച്ചു രണ്ടാളെയും കയ്യും പിടിച്ചു വീട്ടിലേക്കുള്ള വഴി ലക്ഷ്യമാക്കി ഓടി.
.
മഴയുടെ ശക്തിയോടൊപ്പം കാറ്റും ഇടിയും കൂട്ടിനായി വന്നു….ആകെ കൂടി ഇരുണ്ടു കൂടിയ അന്തരീക്ഷം, ചെറിയ പേടി മനസ്സിൽ ഉണ്ടെങ്കിലും അത് പുറത്തു കാണിക്കാതെ ആർത്തുല്ലസിച്ചു പെയ്യുന്ന മഴയിൽ നനഞ്ഞ ബാഗും നെഞ്ചോടു ചേർത്ത് ഓടുമ്പോൾ പെട്ടെന്ന് ഒരു വിളി
.
“ഷെജുച്ചാ”
.
എന്താണെന്നറിയാൻ ഞാൻ തിരിഞ്ഞു നോക്കുമ്പോൾ വിഷാദ മുഖത്തോടെ എന്നെ നോക്കുന്ന കുഞ്ഞനിയനെയാണ് ഞാൻ കാണുന്നത്….
.
“എന്താ ശാലു നീ എന്താ അവിടെ തന്നെ നിൽക്കുന്നത് വേഗം വാ “
“ഷെജുച്ചാ എന്റെ ചെരുപ്പ് ദാ പോകുന്നു “എന്ന് പറഞ്ഞവൻ ആണിയിലേയ്ക്കു വിരൽ ചൂണ്ടി.. എന്റെ റബ്ബേ ഇതെങ്ങനെ ഇ വിടെയെത്തി..?റോഡിൽ ഉള്ള വെള്ളമൊക്കെ പോയി നിൽക്കുന്നത് അവിടെയാണ് ഇവനിത് മനഃപൂർവ്വം ചാടിയതാണോ എന്ന് ചിന്തിച്ചു അവന്റെ മുഖത്തുനോക്കുമ്പോൾ അതാ ചെക്കൻ കിടന്നു നിലവിളിക്കുന്നു എനിക്കിപ്പോൾ എന്റെ ചെരിപ്പ് കിട്ടണം എന്ന് പറഞ്ഞു…. അവന്റെ കരച്ചിലും മഴയുടെ കരച്ചിലും സഹിക്കവയ്യാതെ ഞാൻ ആ ചെറിയ തോട്ടിലേയ്ക്ക് എടുത്തു ചാടി.
.
ഭാഗ്യത്തിന് അരയ്ക്കൊപ്പം മാത്രമേ വെള്ളം ഉണ്ടായിരുന്നുള്ളു…. അവന്റെ ചെരുപ്പ് എടുത്ത് അവനു കൊടുത്തു പിന്നെയും ഓടി….
.
കിഴുർ വായനശാല റോഡിൽ എത്തിയപ്പോൾ ഉമ്മയുണ്ട് കുടയുമായി ഞങ്ങളെയും നോക്കി വരുന്നു….. ഉമ്മാന്റെ നോട്ടം കണ്ടപ്പോൾ എനിക്ക് ഒരു അടി പൊട്ടുമെന്ന കാര്യത്തിൽ ഒരു തീരുമാനമായി.
.
കോരിച്ചൊരിയുന്ന മഴയിലേയ്ക്കും ഉമ്മാനേയും നോക്കി ഞാൻ പടച്ചോനോട് പ്രാർത്ഥിച്ചു…
.
“പടച്ചോനെ ഈ മഴ ഒന്ന് പെട്ടെന്ന് ചോരണേ… ഇന്ന് ഉമ്മാന്റെ അടിയിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ ഒന്നുകിൽ ആത്തച്ചക്ക മരത്തിൽ കയറണം അല്ലെങ്കിൽ കച്ചേരി പറമ്പിലെ മാവിൽ കയറണം മഴ ഉണ്ടെങ്കിൽ ഇത് രണ്ടും നടക്കില്ല “
.
പടച്ചോന് എന്നെ ഇഷ്ട്ടമല്ലാത്തത് കൊണ്ടാണോ എന്നറിയില്ല മഴയുടെ ശക്തി കൂടി കൂടി വന്നു… ഒരു അടിയും പ്രതീക്ഷിച്ചു ഞാൻ ഉമ്മാന്റെ പിന്നാലെ മിണ്ടാതെ നടന്നു.
