സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തുടങ്ങിയ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ, മുല്ലപ്പെരിയാറിൽ ജലനിരപ്പ് 135.70 അടിയിൽ എത്തി. തമിഴ്നാട് പരമാവധി ജലം കൊണ്ടുപോകുന്നുണ്ടെങ്കിലും വൃഷ്ടി പ്രദേശത്തെ കനത്ത മഴയാണ് ജലനിരപ്പ് ഉയരാൻ കാരണമായത്. ജൂൺ മാസത്തിലെ റൂൾ കർവ് പ്രകാരം136 അടി ആയാൽ ഷട്ടറുകൾ തുറക്കും എന്ന് തമിഴ്നാട് അറിയിച്ചിരിക്കുന്നതിനാൽ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട് എന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. ആവശ്യമെങ്കിൽ പെരിയാറിന്റെ തീരത്തുള്ള കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനായി ഇരുപതിലധികം ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. 2022 ഓഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്.

മുല്ലപ്പെരിയാർ ഡാമിൽ നിന്നും ജലം പുറത്തേക്ക് ഒഴുക്കി വിടുന്നതിനു മുമ്പായി അത് സംബന്ധിച്ച് ഉച്ചഭാഷിണിയിലൂടെ പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശവും മുന്നറിയിപ്പും നൽകും. റവന്യൂ, പോലീസ് അധികാരികളുടെ നിർദ്ദേശങ്ങൾ പൊതുജനങ്ങൾ കൃത്യമായി പാലിക്കണമെന്ന് ഇടുക്കി ജില്ല കളക്ടർ അഭ്യർത്ഥിച്ചു. പീരുമേട്, ഉടുമ്പഞ്ചോല, ഇടുക്കി എന്നീ താലൂക്കുകളിൽ ആരംഭിച്ചിട്ടുള്ള കൺട്രോൾ റൂമുകൾക്ക് പുറമേ മഞ്ജുമല, പെരിയാർ, കുമളി, ഉപ്പുതറ, അയ്യപ്പൻകോവിൽ, ആനവിലാസം, ഏലപ്പാറ, കാഞ്ചിയാർ, എന്നീ വില്ലേജുകളിൽ കൂടി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്. തമിഴ്നാട് പരമാവധി ജലം കൊണ്ടുപോകുന്നുണ്ടെങ്കിലും മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് തുടരുന്ന മഴയാണ് ജലനിരപ്പ് ഉയരാൻ കാരണമാകുന്നത്.

