സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്നും അതി ശക്തമായ മഴ തുടരും. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും, പത്ത് ജില്ലകളിൽ യെല്ലോ അലർട്ടും ആണ് പുതുക്കിയ അറിയിപ്പിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കാസർഗോഡ് കണ്ണൂർ എറണാകുളം ആലപ്പുഴ ജില്ലകളിൽ ആണ് ഓറഞ്ച് അലർട്ട്. മറ്റ് പത്തുജില്ലകളിൽ യെല്ലോ അലർട്ട് തുടരുന്നു. രാവിലെ വന്ന അറിയിപ്പ് പ്രകാരം 14 ജില്ലകളിലും യെല്ലോ അലർട്ട് ആയിരുന്നു.

മഴ തുടരുന്ന സാഹചര്യത്തിൽ പല സ്ഥലങ്ങളിൽ നിന്നുള്ള മഴക്കെടുതിയുടെ വാർത്തകളും പുറത്തുവരുന്നുണ്ട്. കള്ളാർ ഒക്ലാവിൽ വീട്ടുകിണർ ഇടിഞ്ഞു താഴ്ന്നു. ഒക്ലാവിലെ നിധിന്റെ വീട്ടിലെ കിണറാണ് ഇന്നലെ രാത്രിയിലെ ശക്തമായ 10:30 ഓട് കൂടി ഇടിഞ്ഞു താഴ്ന്നത്. വലിയ ശബ്ദം കേട്ട വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോൾ ആണ് കിണറിടിഞ്ഞത് കണ്ടത്. കിണറിന്റെ ഉൾവശം പൂർണ്ണമായും ഇടിഞ്ഞു. കഴിഞ്ഞ ദിവസം കിണറിനോട് ചേർന്നുള്ള സംരക്ഷണ ഭിത്തിയിടിഞ്ഞിരുന്നു.

കേരള തീരത്ത് 31/05/2025 രാവിലെ 11.30 വരെ 2.7 മുതൽ 3.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. താഴെ പറയുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്.

ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കാപ്പിൽ മുതൽ പൊഴിയൂർ വരെ
കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ
ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ
എറണാകുളം: മുനമ്പം FH മുതൽ മറുവക്കാട് വരെ
കണ്ണൂർ & കാസർഗോഡ്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ
കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിൽ (ഓറഞ്ച് അലർട്ട്) 31/05/2025 രാത്രി 08.30 വരെ 3.0 മുതൽ 3.7 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.
