സംസ്ഥാനത്തെ യാത്രാദുരിതത്തെ നിസ്സാരവൽക്കരിച്ച് റെയിൽവേ
തിരുവനന്തപുരം: സംസ്ഥാനത്തെ യാത്രാദുരിതത്തെ നിസ്സാരവൽക്കരിച്ച് റെയിൽവേ. വന്ദേഭാരതിൻറെ സമയക്രമം മറ്റ് ട്രെയിനുകളെ ഒരുതരത്തിലും ബാധിക്കുന്നില്ലെന്നാണ് ദക്ഷിണ റെയിൽവേ പറയുന്നത്. യാത്രക്കാർ അനുഭവിക്കുന്ന ദുരിതം മാധ്യമങ്ങളിൽ തുടർപരമ്പരകളാകുമ്പോഴും നിലപാടിൽ മാറ്റം വരുത്താൻ റെയിൽവേ തയ്യാറാകുന്നില്ലെന്നതിൻറെ ഉദാഹരണമാണ് റെയിൽവേയുടെ നിഷേധക്കുറിപ്പ്.

ഓഫീസ് സമയം പാലിക്കുന്ന ട്രെയിനുകളെ വൈകിയോടുന്ന സമയത്തിൽ സ്ഥിരപ്പെടുത്തിയും ബഫർ ടൈമുകൾ അധികരിപ്പിച്ച് കൃത്യസമയം പാലിക്കുന്നതായും റെയിൽവേ അവകാശപ്പെടുകയാണ്. തിരുവനന്തപുരം സെൻട്രലിൽ വേണാടിൻറെ പുലർച്ചെ 5.15 എന്ന പഴയ സമയമാണ് ആദ്യ വന്ദേഭാരതിന് നൽകിയത്. വേണാടിൻറെ സമയത്തിൽ മാറ്റം വരുത്താതെ 5.10ന് വന്ദേഭാരതിനുവേണ്ടി ഒരു ഷെഡ്യൂൾ നിശ്ചയിച്ചിരുന്നെങ്കിൽ ഈ ആക്ഷേപമുണ്ടാകില്ല.

വേണാടിന് എറണാകുളം ജങ്‌ഷനിലും ഷൊർണൂരിലും അധിക സമയം നൽകി ലേറ്റ് മിനിറ്റുകൾ പരിഹരിച്ച് വേഗം വർധിപ്പിച്ചുവെന്നാണ് അവകാശവാദം. എറണാകുളം ജങ്‌ഷനിലും ഷൊർണൂരിലും കൃത്യസമയം പാലിക്കാൻ പാകത്തിനുള്ള ബഫർ ടൈമാണ് വേണാടിന് നൽകിയത്. എക്സ്പ്രസ് ട്രെയിനുകൾക്ക് ഡെസ്റ്റിനേഷൻ പോയിന്റിൽ അമിതമായി നൽകിയ ബഫർ ടൈമുകളിൽ നേരിയ കുറവ് വരുത്തിയശേഷം വേഗം വർധിപ്പിച്ചെന്നാണ് വിജ്ഞാപനത്തിലുള്ളത്.

കുമ്പളത്ത് പിടിച്ചിടുന്ന 25 മിനിറ്റ് എറണാകുളം ജങ്‌ഷനിലേക്ക് മാറ്റിയതു മാത്രമാണ് കായംകുളം പാസഞ്ചറിൽ നടത്തിയ പരിഷ്കാരം. ചെപ്പാട് നിന്ന് ഏഴു കിലോമീറ്റർ ദൂരമുള്ള കായംകുളം ജങ്‌ഷനിലേക്കുള്ള 55 മിനിറ്റ് ബഫർ ടൈമിൽ വരുത്തിയ കുറവിനെയാണ് വേഗവർധനയായി അവകാശപ്പെടുന്നത്. വേഗം വർധിപ്പിച്ചതിൻരറ നേട്ടം യാത്രക്കാർക്ക് ലഭിക്കണമെങ്കിൽ 6.05ന് കായംകുളം എക്സ്പ്രസ് ജങ്‌ഷനിൽനിന്ന് പുറപ്പെട്ട് നേരത്തേ ഓരോ സ്റ്റേഷനിലും എത്തിച്ചേരാൻ കഴിയണം. ഇത് വന്ദേഭാരതിന് പിടിച്ചിടാൻമാത്രം അനുവദിച്ച വേഗവർധനയാണ്.

