രാഹുൽ മാങ്കൂട്ടത്തിലിന്റെ ഒളിവ് ജീവിതം ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ അറിവോടെ; മന്ത്രി വി ശിവൻകുട്ടി
.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഒളിവ് ജീവിതം ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ അറിവോടെയെന്ന് മന്ത്രി വി ശിവൻകുട്ടി. രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കുമെന്ന് കെപിസിസി പ്രസിഡണ്ട് പറയട്ടെ എന്നും നിലപാട് പറയേണ്ടത് രാഹുൽഗാന്ധിയും സോണിയ ഗാന്ധിയും ഉൾപ്പെടെയുള്ളവർ ആണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ ചെയ്യാൻ കഴിയുന്ന നടപടികൾ സ്വീകരിക്കും. ഇപ്പോഴും കോൺഗ്രസിലെ ചില നേതാക്കൾ രാഹുലിനെ സംരക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു. ഇതിൽ മന്ത്രി ശിവൻകുട്ടിയുടെ മറുപടി പറഞ്ഞിട്ടുണ്ട്. നേമത്തെ ബിജെപിയുടെ അക്കൗണ്ട് ഒരിക്കലും തുറക്കാൻ കഴിയാത്ത തരത്തിൽ പൂട്ടിച്ചിട്ടുണ്ട്. ഇനി ആരു വിചാരിച്ചാലും അത് തുറക്കാൻ കഴിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. നേമത്ത് മത്സരിക്കുമെന്ന രാജീവ് ചന്ദ്രശേഖറിന്റെ പ്രഖ്യാപനത്തിനാണ് മറുപടി.

തൃശൂർ പ്രസ് ക്ലബിന്റെ വോട്ടു വൈബ് പരിപാടിയിൽ ആയിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രഖ്യാപനം. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തിനായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. താൻ നൂറു ശതമാനവും മത്സരിക്കുമെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖർ വേണമെങ്കിൽ മണ്ഡലം ഏതെന്നും പറയാമെന്ന് പറഞ്ഞു. ഇതിനുശേഷമാണ് താൻ നേമത്ത് ആയിരിക്കും മത്സരിക്കുക എന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്.




