രാഹുൽ മാങ്കൂട്ടത്തിലിനെ പ്രതിരോധിക്കാം; സെൽഫ് ഡിഫൻസ് ക്ലാസുമായി എസ്എഫ്ഐ

പാലക്കാട്: ലൈംഗിക ചൂഷണ പരാതികൾ ഉയർന്ന രാഹുൽ മാങ്കൂട്ടത്തിലിൽ എംഎൽഎയിൽ നിന്ന് സ്വയം പ്രതിരോധം തീർക്കാൻ യുവതികൾക്ക് സെൽഫ് ഡിഫൻസ് ക്ലാസുമായി എസ്എഫ്ഐ. രാഹുലിനെ പ്രതിരോധിക്കാൻ എസ്എഫ്ഐ പാലക്കാട് ജില്ലാ വിദ്യാർത്ഥിനി സബ്കമ്മിറ്റി കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്താണ് ഡിഫൻസ് ക്ലാസ് സംഘടിപ്പിച്ചത്.

ഗുരുതര വെളിപ്പെടുത്തലുകൾ വന്നതിന് പിന്നാലെ രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്. അതേസമയം രാഹുലിനെ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്ത് തടിയൂരാനാണ് കോൺഗ്രസ് തീരുമാനം. കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് എംഎൽഎ സ്ഥാനം രാജിവെയ്ക്കാതെ തുടരുന്നതിന് പിന്നാലെയാണ് കോൺഗ്രസ് രാഹുലിനെതിരായ നടപടി സസ്പെൻഷനിൽ ഒതുക്കിയത്.

ഇന്നലെ വീശിയടിച്ച രാജിക്കാറ്റ് ഇന്നത്തേക്ക് വെറും സസ്പെൻഷൻ ആയി ചുരുക്കി. നിയമസഭാംഗത്വം രാജിവെയ്ക്കേണ്ടെന്നും പകരം പാർലമെന്ററി പാർടിയിൽനിന്ന് ഒഴിവാക്കിയാൽ മതിയെന്നുമുള്ള കെപിസിസി വർക്കിങ് പ്രസിഡണ്ട് ഷാഫി പറമ്പിൽ അടക്കമുള്ള നേതൃത്വത്തിന്റെ സമ്മർദത്തിന് പിന്നാലെയാണ് ഒത്തുതീർപ്പ് നടപടി. രാഹുൽ രാജിവെച്ചാൽ എൽദോസ് കുന്നപ്പള്ളിയുടെയും വിൻസൻ്റിന്റെയും രാജികൂടി വെക്കേണ്ടിവരുമെന്ന് ഉറപ്പായ കോൺഗ്രസ് നേതൃത്വം നിലപാട് മാറ്റുകയായിരുന്നു. രാജിയല്ലാതെ മറ്റൊരു പോംവഴിയുമില്ലെന്ന നിലപാട് സ്വീകരിച്ച കോൺഗ്രസിലെ സീനിയർ നേതാക്കളും വനിതാ നേതാക്കളും ഇതോടെ പ്രതിസന്ധിയിലായി. ഒരു വ്യക്തിയുടെ തന്നിഷ്ടത്തിന് മുന്നിൽ, നിസ്സഹയാരായി അവർ കീഴടങ്ങുകയാണ്.

