KOYILANDY DIARY

The Perfect News Portal

നിലപാടില്ലാത്തതുകൊണ്ടാണ് രാഹുൽ ഗാന്ധിയെ വിമർശിക്കുന്നത്; മന്ത്രി പി എ മുഹമ്മദ് റിയാസ്

നിലപാടില്ലാത്തതുകൊണ്ടാണ് തങ്ങൾ രാഹുൽ ഗാന്ധിയെ വിമർശിക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മതനിരപേക്ഷ നിലപാടെടുക്കാൻ രാഹുൽ ഗാന്ധി തയ്യാറാവുന്നില്ല. മതനിരപേക്ഷത രാഹുൽ ഗാന്ധിയെ പറഞ്ഞു മനസ്സിലാക്കുകയാണ് കോൺഗ്രസ് ചെയ്യേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന വിരുദ്ധ നിലപാട് കേന്ദ്രം സ്വീകരിക്കുമ്പോൾ അതിനെതിരെ പ്രതികരിക്കാൻ കോൺഗ്രസ് എംപിമാർ തയ്യാറായില്ല എന്ന് മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. ഇന്ന് രാഹുൽ ഗാന്ധി ചോദിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ എന്തിനാണ് എന്നെ വിമർശിക്കുന്നത് എന്നാണ്.

ഇതുതന്നെയാണ് രാഹുൽ ഗാന്ധിയുടെ പ്രശ്നം. എന്തുകൊണ്ട് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള കേരളത്തിൻറെ മതനിരപേക്ഷ മനസ്സുകൾ രാഹുൽ ഗാന്ധിയെ വിമർശിക്കുന്നു. നിലപാട് സ്വീകരിക്കാത്ത കൊണ്ടാണ്. ശക്തമായി ബിജെപിക്കെതിരെ പോരാടുമെന്ന് പ്രതീക്ഷയിലാണ് കഴിഞ്ഞതവണ വയനാട്ടിലെ ജനങ്ങൾ രാഹുൽഗാന്ധിയെ തെരഞ്ഞെടുത്തത്. എന്നാൽ അത് അനുസരിച്ച് ശക്തമായ പ്രതിരോധം ഉയർത്താൻ രാഹുൽ ഗാന്ധി തയ്യാറായില്ല. പ്രതികരിക്കാത്തിടത്തോളം വിമർശിക്കും. പൗരത്വ ഭേദഗതി നിയമം എടുത്തു പരിശോധിച്ചാലും അവരെല്ലാം ഇത്തരം നിലപാടാണ് സ്വീകരിച്ചത്.

 

രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിക്കാൻ സ്പോൺസേർഡ് പ്രോഗ്രാം പോലെ ബിജെപി ഗവൺമെൻറ് ഇസ്ലാമോഫോബിയ നടപ്പിലാക്കുന്നു. മുസ്ലിം സമം തീവ്രവാദം എന്നാണ് പ്രചാരണം. ഒരു പ്രത്യേക മതവിഭാഗത്തെ തീവ്രവാദ വിഭാഗമാണ് എന്ന് പ്രചരിപ്പിക്കാനാണ് ബിജെപി ഗവൺമെൻറ് ശ്രമിച്ചത്. വെള്ള തൊപ്പിയും വെച്ചവരും താടി നീട്ടിയവരും പച്ചക്കൊടിയും എല്ലാം തീവ്രവാദമാണ് എന്ന ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുകയാണ്. വയനാട്ടിൽ മുസ്ലിം ലീഗിൻറെ വോട്ട് മതി പച്ചക്കൊടി വേണ്ട എന്നാണ്. ഇത് എന്ത് നിലപാടാണെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കണം.

Advertisements

 

ഇങ്ങനെയൊരു നിലപാട് രാഹുൽ ഗാന്ധി സ്വീകരിക്കുമ്പോൾ അതിന് വിമർശിക്കാൻ മുഖ്യമന്ത്രിക്കും ഈ നാട്ടിലെ ജനങ്ങൾക്കും അവകാശമുണ്ട്. ഞങ്ങൾ വിമർശിക്കുക തന്നെ ചെയ്യും. മതനിരപേക്ഷത രാഹുൽ ഗാന്ധിയെ പറഞ്ഞു മനസ്സിലാക്കുകയാണ് കോൺഗ്രസ് ചെയ്യേണ്ടത്. അത് ചെയ്യാതെയുള്ള കോമാളിത്തരങ്ങളാണ് ഇപ്പോൾ നമ്മൾ കാണുന്നത്. ഇങ്ങനെയാണെങ്കിൽ നാളെ യുഡിഎഫിന്റെ പ്രകടനത്തിൽ നീണ്ട താടി വെച്ച് വരുന്നവരോട് നിങ്ങൾ പോയി താടി വടിച്ചിട്ട് വന്ന പ്രകടനത്തിൽ പങ്കെടുത്താൽ മതി എന്ന് പറയില്ലേ. വെള്ളത്തൊപ്പി ധരിച്ചു വരുന്നവരോട് തൊപ്പി മാറ്റിവ എന്ന് പറയില്ലേ. ഇതാണോ രാഹുൽ ഗാന്ധിയും കോൺഗ്രസും ചെയ്യേണ്ടത്.

 

തീവ്ര മത വർഗീയ ആശയങ്ങളെ ചെറുക്കേണ്ടത് തീവ്ര മതനിരപേക്ഷ നിലപാട് എടുത്തിട്ടാണ്. അതിന് രാഹുൽ ഗാന്ധി തയ്യാറാകുന്നില്ല. അങ്ങനെ വന്നാൽ മുഖ്യമന്ത്രി മാത്രമല്ല മതനിരപേക്ഷത നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ചെറിയ കുഞ്ഞുങ്ങൾ പോലും രാഹുൽ ഗാന്ധിയെ വിമർശിക്കും. എന്തുകൊണ്ട് ഇ ഡി കേരളത്തിലെ മുഖ്യമന്ത്രിയെ പിടിക്കാൻ വരുന്നില്ല എന്നാണ് രാഹുൽഗാന്ധിയുടെ പ്രചാരണത്തിലെ പ്രധാന ചോദ്യം. കോൺഗ്രസിനെതിരെ നടത്തിയ നീക്കം ശരിയാണെന്ന് ഞങ്ങൾ ആരെങ്കിലും ഇതുവരെ പറഞ്ഞോ. ശരിയാണെന്ന് പറഞ്ഞില്ലെന്ന് മാത്രമല്ല അതിനെ ഞങ്ങൾ എതിർത്തു. അതാണ് ഇടതുപക്ഷത്തിന്റെ ബിജെപി വിരുദ്ധ പോരാട്ടത്തിന്റെ വിശ്വാസ്യത എന്നും അദ്ദേഹം പറഞ്ഞു.