15 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം പുറത്തെത്തി; രാഹുൽ വീണ്ടും ഒളിവിൽ പോകാൻ സാധ്യത
.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ബലാത്സംഗ കേസുകളിൽ അന്വേഷണം പുരോഗമിക്കുന്നു. കഴിഞ്ഞദിവസമാണ് 15 ദിവസത്തെ ഒളിവ് ജീവിതത്തിനു ശേഷം രാഹുൽ പുറത്തെത്തിയത്. മുൻകൂർ ജാമ്യം ലഭിച്ച പശ്ചാത്തലത്തിൽ ആയിരുന്നു വോട്ട് ചെയ്യാനായി രാഹുൽ എത്തിയത്. ഈ മാസം 15നാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചത്.

മുൻകൂർ ജാമ്യം രാഹുലിന് ലഭിച്ചതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ പോയ സാഹചര്യത്തിലും ഈ മാസം 15ന് ആദ്യ കേസിലെ മുൻകൂർ ജാമ്യത്തിൽ വിധി വരും എന്ന പശ്ചാത്തലത്തിലും രാഹുൽ വീണ്ടും ഒളിവിൽ പോകാനുള്ള സാധ്യതയും ഉണ്ടെന്നാണ് വിലയിരുത്താൽ. ഈ സാഹചര്യത്തിൽ പൊലീസ് രാഹുലിന്മേലുള്ള നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ബലാത്സംഗക്കേസിൽ പ്രതിയായതോടെ കോൺഗ്രസിൽനിന്ന് പുറത്താക്കപ്പെട്ട രാഹുലിനെ പാലക്കാട്ടേക്ക് ബൊക്കെ നൽകി ആനയിച്ചതും കോൺഗ്രസ് നേതാക്കൾ തന്നെ ആയിരുന്നു. കെഎസ്യുജില്ലാ സെക്രട്ടറി മുഹമ്മദ് ഇക്ബാൽ അടക്കമുള്ള കോൺഗ്രസ് പ്രവർത്തകരുടെ പിന്തുണയിലാണ് വ്യാഴാഴ്ച വൈകിട്ട് 4.40ന് പാലക്കാട് കുന്നത്തൂർമേട് സെന്റ് സെബാസ്റ്റ്യൻ സീനിയർ ബേസിക് സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയത്. കോൺഗ്രസ് നേതൃത്വത്തിന്റെ നിർദേശ പ്രകാരമാണ് വോട്ട് ചെയ്യാൻ വൈകിട്ടത്തെ സമയം തെരഞ്ഞെടുത്ത്. രാവിലെ എത്തിയാൽ അത് യുഡിഎഫിന് എതിരാകുമെന്ന് ഭയന്നാണിത്.




