KOYILANDY DIARY.COM

The Perfect News Portal

കോട്ടയം ഗവ. നഴ്‌സിംഗ് കോളജിലെ റാഗിങ്; കൊടും ക്രൂരതയെന്ന് കുറ്റപത്രം

കോട്ടയം ഗവ. നഴ്‌സിംഗ് കോളജിലെ റാഗിങ് കൊടും ക്രൂരതയെന്ന് കുറ്റപത്രം. 45 സാക്ഷികളും 32 രേഖകളും ഉള്‍പ്പെടെയുള്ളതാണ് കുറ്റപത്രം. അഞ്ച് പ്രതികളാണ് കേസിലുള്ളത്. 45 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ കുറ്റപത്രം ഇന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും. അതിവേഗത്തിലാണ് ഗാന്ധിനഗര്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കിയത്. 45 ദിവസം കൊണ്ട് തന്നെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. കോട്ടയം മൂന്നിലവ് സ്വദേശി സാമുവല്‍, വയനാട് നടപയല്‍ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജുല്‍ ജിത്ത്, മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ്, കോട്ടയം കോരിത്തോട് സ്വദേശി വിവേക് എന്നിവരാണ് കേസില്‍ പ്രതികള്‍. കൊലപാതകത്തിന് തുല്യമായ കൊടുംക്രൂരതയാണ് ജൂനിയര്‍ വിദ്യാര്‍ത്ഥികളോട് കാണിച്ചത് എന്നാണ് കുറ്റപത്രത്തില്‍ പറയുന്ന പ്രധാനകാര്യം.

അതേസമയം, അധ്യാപകരെയോ ഹോസ്റ്റല്‍ വാര്‍ഡനെയോ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. ഇരകളായ ആറ് പേരും കേസില്‍ സാക്ഷികളാണ്. വിദ്യാര്‍ത്ഥികള്‍ പകര്‍ത്തി സൂക്ഷിച്ച വീഡിയോ തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട തെളിവ്. പ്രതികള്‍ ജാമ്യാപേക്ഷയും മുന്‍കൂര്‍ ജാമ്യാപേക്ഷയുമെല്ലാം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നില്ല. നിലവില്‍ ഇവര്‍ റിമാന്‍ഡിലാണ്. കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ കേസ് വിചാരണയിലേക്ക് കടക്കും. ശരീരമാകെ കോമ്പസ് കൊണ്ട് കുത്തി മുറിവേല്‍പ്പിച്ചെന്നും സ്വകാര്യ ഭാഗത്ത് ഡമ്പല്‍ അമര്‍ത്തിയെന്നുമുള്ള കോട്ടയം സര്‍ക്കാര്‍ നഴ്സിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ റാഗിങ് പരാതി തെളിയിക്കുന്ന അതിക്രൂര ദൃശ്യങ്ങളാണ് പുറത്ത് വന്നിരുന്നത്.

 

സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ കട്ടിലില്‍ കെട്ടിയിട്ട് ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ ഭീതിദമായ ദൃശ്യങ്ങളുമുണ്ടായിരുന്നു. കുട്ടികളുടെ ശരീരത്തില്‍ കോമ്പസ് കൊണ്ട് കുത്തി മുറിവുണ്ടാക്കിയ ശേഷം മുറിവില്‍ ബോഡി ലോഷന്‍ ഒഴിച്ച് കൂടുതല്‍ വേദനിപ്പിക്കുന്നതായി ദൃശ്യങ്ങളിലുണ്ട്. സ്വകാര്യ ഭാഗത്ത് ഡമ്പല്‍ വയ്ക്കുന്ന ദൃശ്യങ്ങളും കുട്ടികള്‍ അലറിക്കരയുമ്പോള്‍ അക്രമികള്‍ അത് ആസ്വദിച്ച് ചിരിക്കുന്നതും വിഡിയോയില്‍ കാണാം. നിലവിളി പുറത്ത് കേള്‍ക്കാതിരിക്കാന്‍ ഉച്ചത്തില്‍ പാട്ടുവയ്ക്കുകയും ചെയ്യുന്നുണ്ട് അക്രമികളായ വിദ്യാര്‍ത്ഥികള്‍.

Advertisements
Share news