തീവ്ര വോട്ടർപട്ടിക പരിഷ്കരണം: സഭയില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് പാർലമെൻ്റ് വളപ്പിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എം പിമാർ
.
തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തില്‍ സഭയില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് പാർലമെൻ്റ് വളപ്പിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എം പിമാർ. രാജ്യസഭയിലും പ്രതിപക്ഷം പ്രതിഷേധിച്ചു. എസ് ഐ ആറിനെക്കുറിച്ച് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇരു സഭകളിലും പ്രതിപക്ഷം പ്രതിഷേധിച്ചു.

അതേസമയം, കേരളത്തിലെ എസ്ഐആർ നടപടികൾ മാറ്റിവെക്കില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ബിഎൽഒമാരുടെ മരണം എസ്ഐആറിലെ ജോലി ഭാരം കൊണ്ടല്ലെന്നും എസ്ഐആറിനെതിരായ ഹർജികൾ തള്ളണമെന്നും ആവശ്യപ്പെട്ട് കമ്മീഷൻ സുപ്രീം കോടതിയിൽ സത്യാവാങ്മൂലം നൽകി.

എസ്ഐആർ തദ്ദേശ തെരഞ്ഞെടുപ്പിന് തടസ്സമല്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും കോടതിയിൽ കമ്മീഷന് സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് സുഗമമായി നടക്കാൻ നടപടികളെടുത്തിട്ടുണ്ട്. അതേസമയം എസ്ഐആറിനും തദ്ദേശ തിരഞ്ഞെടുപ്പിനും വ്യത്യസ്ത ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുന്നതെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പാക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് കേരളത്തിലെ എസ്ഐആറുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതി പരിഗണിക്കും.




