KOYILANDY DIARY.COM

The Perfect News Portal

ക്വിറ്റ് ഇന്ത്യ വാർഷികം: തുഷാർ ​ഗാന്ധിയെ കസ്റ്റഡിയിലെടുത്തു; ടീസ്‌ത സെതൽവാദ് വീട്ടുതടങ്കലിൽ

മുംബൈ: ക്വിറ്റ് ഇന്ത്യ വാർഷികം: തുഷാർ ​ഗാന്ധിയെ കസ്റ്റഡിയിലെടുത്തു; ടീസ്‌ത സെതൽവാദ് വീട്ടുതടങ്കലിൽ. നിശബ്ദ പ്രതിഷേധ റാലിയിൽ പങ്കെടുക്കുന്നത് തടയാനായാണ് മഹാത്മാ ​ഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധിയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തത്. സാന്താക്രൂസ് പൊലീസാണ് തുഷാർ ഗാന്ധിയെ കസ്റ്റഡിയിലെടുത്തത്. തന്നെ പൊലീസ് വീട്ടുതടങ്കലിലാക്കിയെന്ന് ആക്ടിവിസ്റ്റ് ടീസ്ത സെതൽവാദും ആരോപിച്ചു. മുംബൈ ജൂഹുവിലെ തന്റെ വീട് 20ഓളം പൊലീസുകാർ രാവിലെ മുതൽ വളഞ്ഞെന്നും പുറത്തിറങ്ങാൻ അനുവദിച്ചില്ലെന്നും ടീസ്‌ത ട്വീറ്റ് ചെയ്തു.

കസ്റ്റഡിയിലെടുത്ത തുഷാർ ​ഗാന്ധിയെ പിന്നീട് വിട്ടയച്ചു. ക്രമസമാധാനപ്രശ്നം ചൂണ്ടിക്കാട്ടിയാണ് തന്നെ തട‍ഞ്ഞതെന്ന് തുഷാർ ഗാന്ധി പറഞ്ഞു. ഇന്ന് രാവിലെ 8 മണിക്കായിരുന്നു ക്വിറ്റ് ഇന്ത്യ വാർഷിക പരിപാടി. ഇതിൽ പങ്കെടുക്കാതിരിക്കാനാണ് രണ്ടുപേരെയും തടഞ്ഞതെന്നാണ് റിപ്പോർട്ട്. വാർഷിക ക്വിറ്റ് ഇന്ത്യ പരിപാടിയുടെ ഭാഗമായി എല്ലാ വർഷവും മുംബൈയിൽ നിശബ്ദ മാർച്ച് നടത്താറുണ്ട്. മുംബൈയിലെ ഗിർഗാം ചൗപാട്ടിയിൽ നിന്ന് ഓഗസ്റ്റ് ക്രാന്തി മൈതാനത്തേക്കാണ് നിശബ്ദ റാലി നടത്തുന്നത്.

സംഭവത്തിൽ വിശദീകരണവുമായി പൊലീസും രംഗത്തെത്തിയിട്ടുണ്ട്. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി മൗനജാഥയ്ക്ക് അനുമതി നിഷേധിച്ചിരുന്നതായും  ഇതുസംബന്ധിച്ച് ഇവർക്ക് നോട്ടീസ് നൽകിയിരുന്നതായുമാണ് പൊലീസ് ഭാഷ്യം. ഓഗസ്റ്റ് ക്രാന്തി മൈതാനിയിൽ മുഖ്യമന്ത്രി ഷിൻഡെയുടെ നേതൃത്വത്തിൽ മറ്റൊരു പരിപാടി നടക്കുന്നതിനാലാണ് ഇവരെ തടഞ്ഞതെന്നും റിപ്പോർട്ടുകളുണ്ട്.

Advertisements
Share news