KOYILANDY DIARY.COM

The Perfect News Portal

ചോദ്യപേപ്പർ ചോർച്ച; ഷുഹൈബിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പ്രിൻസിപ്പൾ സെഷൻസ് കോടതി മാറ്റിവെച്ചു. ഈ മാസം 31ലേക്കാണ് ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. ക്രൈംബ്രാഞ്ച് സംഘത്തിന് മുൻപാകെ ഹാജരാവാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും ഇതുവരെ ഹാജരായിട്ടില്ല. ജാമ്യം തള്ളിയാൽ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. അതേസമയം എം എസ് സൊലുഷൻസിൽ ജോലി ചെയ്ത അധ്യാപകരെയും ഉദ്യോഗസ്ഥരെയും അന്വേഷണ സംഘം ചോദ്യം ചെയ്യും.

 

സ്ഥാപന ഉടമ മുഹമ്മദ് ഷുഹൈബ് ഒളിവിൽ പോയ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് ഹാജരാവാൻ നോട്ടിസ് നൽകിയത്. ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു. കോഴിക്കോട് എസ്പി കെ കെ മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.

 

പ്രാഥമികമായുള്ള അന്വേഷണത്തിൽ ആരോപണ വിധേയരായ കൊടുവള്ളിയിലെ എംഎസ് സൊല്യൂഷൻസ് ചോദ്യ പേപ്പർ ചോർത്തി എന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് എം എസ് സൊല്യൂഷൻസിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. തട്ടിപ്പുൾപ്പെടെയുള്ള ഏഴ് വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

Advertisements
Share news