ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്: രണ്ട് പ്രതികളെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡില്‍ വിട്ടു

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ രണ്ട് പ്രതികളെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡില്‍ വിട്ടു. മുഖ്യപ്രതി മുഹമ്മദ് ഷുഹൈബ്, നാലാം പ്രതി അബ്ദുള്‍ നാസര്‍ എന്നിവരെയാണ് താമരശ്ശേരി കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടത്. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായാണ്, ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിലെ പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങിയത്. റിമാന്‍ഡിലായിരുന്ന മുഖ്യപ്രതി M S സൊല്യൂഷന്‍സ് CEO മുഹമ്മദ് ഷുഹൈബ്, കേസിലെ നാലാം പ്രതി മലപ്പുറത്തെ അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാരന്‍ അബ്ദുള്‍ നാസര്‍ എന്നിവരെ 3 ദിവസത്തേക്കാണ് താമരശ്ശേരി കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്.

ഷുഹൈബിനെ കൊടുവള്ളിയിലെ സ്ഥാപനത്തില്‍ എത്തിച്ച് ഉള്‍പ്പടെ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. ചോദ്യപേപ്പര്‍ ചോര്‍ത്തിയതായി പ്രാഥമിക ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചിരുന്നു. മറ്റ് അധ്യാപകരാണ് ഇതിന് പിന്നില്‍ എന്നാണ് ഷുഹൈബ് മൊഴി നല്‍കിയത്. മലപ്പുറം മേല്‍മുറി മഅ്ദിന്‍ ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളിലെ ജീവനകാരനാണ് ചോദ്യ പേപ്പര്‍ ചോര്‍ത്തിയ അബ്ദുള്‍ നാസര്‍.

മുമ്പ് ഇവിടെ ജോലി ചെയ്ത എം എസ് സൊല്യൂഷന്‍സ് അധ്യാപകരായ ഫഹദിന് ഇയാള്‍ വാട്‌സ്ആപ് വഴി ചോദ്യ പേപ്പര്‍ അയച്ചു കൊടുത്തതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. അബ്ദുള്‍ നാസറിനെ സ്‌കൂളില്‍ എത്തിച്ചും തെളിവെടുപ്പ് നടത്തും. പോലീസ് കസ്റ്റഡി പൂര്‍ത്തിയാക്കി വ്യാഴാഴ്ച വൈകീട്ട് പ്രതികളെ കോടതിയില്‍ ഹാജരാക്കണം. തുടര്‍ന്നായിരിക്കും ഇരുവരും നല്‍കിയ ജാമ്യാപേക്ഷ താമരശ്ശേരി കോടതി പരിഗണിക്കുക.

