പൂനെ കാർ അപകടം; വ്യാജ റിപ്പോര്‍ട്ട് നല്‍കിയ ഡോക്ടര്‍മാര്‍ക്ക് കൈക്കൂലിയായി ലഭിച്ചത് ലക്ഷങ്ങൾ

പൂനെ: പൂനെ കാർ അപകടത്തിൽ വ്യാജ റിപ്പോര്‍ട്ട് നല്‍കിയ ഡോക്ടര്‍മാര്‍ക്ക് കൈക്കൂലിയായി ലഭിച്ചത് ലക്ഷങ്ങൾ. കാറോടിച്ച 17കാരന് അനുകൂലമായി വ്യാജ റിപ്പോർട്ട് നല്‍കിയ ഡോക്ടർമാർക്ക് മൂന്ന് ലക്ഷം രൂപ കൈക്കൂലി ലഭിച്ചതായാണ് ലഭ്യമാകുന്ന വിവരം. സസൂൺ ആശുപത്രിയിലെ പ്യൂണായ അതുല്‍ ഖട്ട്കാംബ്ലെ ആണ് ഇടനിലക്കാരനായി നിന്ന് 17 കാരന്റെ കുടുംബത്തില്‍ നിന്ന് 3 ലക്ഷം രൂപ കൈക്കൂലി വാങ്ങി ഡോക്ടർമാർക്ക് നൽകിയത് എന്നാണ് പുറത്തുവരുന്ന വിവരം.

അതേസമയം പുനെയിലെ സസൂണ്‍ ആശുപത്രിയിലെ ഡോ. അജയ് തവാഡെ, ഡോ. ഹരി ഹാർനോർ എന്നിവരെയാണ് പൂനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ആശുപത്രിയിലെ ഫൊറൻസിക് ലാബിന്റെ തലവനാണ് ഡോ. തവാഡെ. അപകടം നടന്ന ദിവസം കൗമാരക്കാരന്റെ പിതാവും തവാഡെയും തമ്മില്‍ ഫോണില്‍ സംസാരിച്ചതായാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും ലഭ്യമാകുന്ന വിവരം. രണ്ടു ഡോക്ടർമാരുടെയും ഫോണ്‍ അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്.
