പുൽപ്പള്ളി ബാങ്ക് തട്ടിപ്പ്; ജയിലിൽ നിന്ന് ഇറങ്ങിയ കെ കെ. അബ്രഹാമിന് സ്വീകരണം നൽകി കോൺഗ്രസ്

മാനന്തവാടി: സഹകരണ ബാങ്കിലെ വായ്‌പാ തട്ടിപ്പ് കേസിൽ ഒന്നരമാസത്തോളം ജയിലിൽ കഴിഞ്ഞ് ജാമ്യം ലഭിച്ച കെ കെ. അബ്രഹാമിന് സ്വീകരണം നൽകി കോൺഗ്രസ്. തട്ടിപ്പ് കേസിലെ പ്രതിക്ക് മാനന്തവാടി ജില്ലാ ജയിലിന് മുമ്പിലും പുൽപ്പള്ളി നഗരത്തിലുമാണ് സ്വീകരണം ഒരുക്കിയത്. രണ്ടിടത്തും ഷാൾ അണിയിച്ച് സ്വീകരിച്ചു.

വായ്‌പാ തട്ടിപ്പിന് ഇരയായ കർഷകൻ പുൽപ്പള്ളി കേളക്കവലയിലെ രാജേന്ദ്രൻനായർ ജീവനൊടുക്കിയതിനെ തുടർന്ന് മെയ് 31നാണ് ബാങ്ക് മുൻ പ്രസിഡണ്ടായ കെപിസിസി ജനറൽ സെക്രട്ടറി കെ. കെ. അബ്രഹാമിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. അറസ്‌റ്റ് ചെയ്‌ത് 45-ാം ദിവസമാണ് ജയിലിൽനിന്ന് പുറത്തിറങ്ങിയത്.

വായ്‌പാ തട്ടിപ്പിൽ വിജിലൻസ് കേസിൽ ഒന്നാം പ്രതിയാണ്. കോൺഗ്രസ് പുൽപ്പള്ളി മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ വെള്ളി പകൽ മൂന്നോടെയായിരുന്നു ടൗണിലെ സ്വീകരണം. വിശദീകരണ യോഗവും നടത്തി. രാജേന്ദ്രൻ നായരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും അബ്രഹാം ആവശ്യപ്പെട്ടു. സജീവൻ കൊല്ലപ്പള്ളിയുമായി അനധികൃത ഇടപാടുകളില്ലെന്നും പറഞ്ഞു. മാനന്തവാടിയിലെ ജില്ലാ ജയിലിന് മുമ്പിലും കോൺഗ്രസ് നേതാക്കൾ കാത്തുനിന്ന് സ്വീകരണം നൽകുകയായിരുന്നു.
