പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റ് സ്ഥാപിക്കുന്നതിനെതിരെ ജനകീയ പ്രതിഷേധം

ജനവാസ മേഖലയിൽ പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റ് സ്ഥാപിക്കുന്നതിനെതിരെ ജനകീയ പ്രതിഷേധം. മൂടാടി പഞ്ചായത്തിലെ നന്തി ബസാറിൽ കെൽട്രോൺ യൂണിറ്റിന് കീഴിലുള്ള 75 സെൻ്റ് സ്ഥലത്താണ് മൂടാടി പഞ്ചായത്ത് പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റ് ആരംഭിക്കുവാൻ ശ്രമിക്കുന്നത്. ഇതിനെതിരെയാണ് പ്രദേശവാസികൾ ജനകീയ സമരസമിതി രൂപീകരിച്ച് പ്രതിഷേധിച്ചത്.

നിലവിൽ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട വാഗാഡ് കമ്പനിയുടെ പ്ലാൻ്റ് പ്രവർത്തിക്കുന്ന സ്ഥലത്തിന് സമീപത്തായാണ് നിർദിഷ്ട പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റ് ആരംഭിക്കാൻ ഉദ്ദേശിക്കുന്നത്. വാഗാഡ് കമ്പനിയുടെ പ്ലാൻ്റ് പ്രവർത്തിക്കുന്നത് കാരണം പ്രദേശത്തെ വീടുകളിൽ കുടിവെള്ളം മലിനമാവുകയും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയുമാണ്.
ഇത്തരം ഒരു സാഹചര്യം നിലനിൽക്കെ മനുഷ്യജീവന് അപകടകരമാകുന്ന രീതിയിലുള്ള പദ്ധതികൾ പഞ്ചായത്ത് വീണ്ടും ഈ മേഖലയിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചുകൊണ്ട് പ്രദേശവാസികൾ ജനകീയ സമരസമിതിക്ക് രൂപം നൽകി.
വരുംദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനും കെൽട്രോൺ അധികാരികളുടെയും, പഞ്ചായത്ത് അധികാരികളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നത് വേണ്ട നടപടികൾ സ്വീകരിക്കുവാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ എൻ കെ കുഞ്ഞിരാമനെ കൺവീനറായും രാജീവൻ അരിയേടത്തിനെ ചെയർമാനായും, സജീവൻ കെ. വി. കെ യെ ട്രഷററായും തിരഞ്ഞെടുത്തു.
