KOYILANDY DIARY.COM

The Perfect News Portal

“ഹരിതഭവനം’ പദ്ധതിയുടെ ജനകീയ മോണിറ്ററിങ്ങിന് കൊയിലാണ്ടി ഉപജില്ലയിൽ തുടക്കമായി

കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ വകുപ്പും പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷനും ചേർന്ന് നിറവ് സീറോ വേസ്റ്റ് മാനേജ്മെന്റിന്റെ സഹായത്തോടെ നടപ്പാക്കുന്ന “ഹരിതഭവനം’ പദ്ധതിയുടെ ജനകീയ മോണിറ്ററിങ്ങിന് കൊയിലാണ്ടി ഉപജില്ലയിൽ തുടക്കമായി. 12,000ത്തിലേറെ ഹരിതഭവനങ്ങൾ മോണിറ്ററിങ്‌ സമിതി അംഗങ്ങൾ സന്ദർശിച്ച്, മൂന്ന് പെട്ടികൾ വെച്ച് മാലിന്യം ശേഖരിക്കുന്ന പ്രവർത്തനം വിലയിരുത്തി. കാനത്തിൽ ജമീല എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന ജനകീയ മോണിറ്ററിങ്ങിൽ കൊയിലാണ്ടി ജിവിഎച്ച്എസ്എസിലെ വിദ്യാർത്ഥികളായ പൂർണശ്രീ, മാനസ എന്നിവരുടെ ഹരിതഭവനം സന്ദർശിച്ചു.

ഗൃഹാങ്കണത്തിൽ നടന്ന ചടങ്ങിൽ എംഎൽഎ ജനകീയ മോണിറ്ററിങ് ഉദ്ഘാടനം നിർവഹിച്ചു. എഇഒ എം കെ മഞ്ജു അധ്യക്ഷയായി. പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ പദ്ധതി വിശദീകരിച്ചു. ബാലൻ അമ്പാടി മുഖ്യാതിഥിയായി. സരസ്വതി ബിജു പരിസ്ഥിതി കവിത ചൊല്ലി. നിറവ് ഡയറക്ടർ ബാബു പറമ്പത്ത്, ഹരിതഭവനം കൊയിലാണ്ടി ഉപജില്ല കോ ഓർഡിനേറ്റർമാരായ ടി കെ സുവൈബ (ഹൈസ്കൂൾ വിഭാഗം), ഷിബു എടവന (പ്രൈമറി വിഭാഗം), കൊയിലാണ്ടി മുനിസിപ്പൽ തല കോ ഓർഡിനേറ്റർ ടി കെ മനോജ്, സ്കൂൾ കോ ഓർഡിനേറ്റർ എം സി സ്വർണ, കൊയിലാണ്ടി ജിവിഎച്ച്എസ്എസ് പിടിഎ പ്രസിഡണ്ട് വി സുചീന്ദ്രൻ, ഹെഡ്മാസ്റ്റർ കെ കെ സുധാകരൻ തുടങ്ങിയവർ സംസാരിച്ചു.

 

Share news