ലക്ഷ്യം തെറ്റി PSLV – C 62: ഐഎസ്ആർഓയ്ക്ക് ബഹിരാകാശത്ത് നഷ്ടമായത് 16 സാറ്റലൈറ്റുകൾ
.
പിഎസ്എല്‍വി വിക്ഷേപണം രണ്ടാം തവണയും പരാജയപ്പെട്ടത് ഐഎസ്ആർഓയ്ക്ക് തിരിച്ചടിയായി. തിങ്കളാഴ്ച നടന്ന ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി) ദൗത്യം വിക്ഷേപണത്തിന് ശേഷമാണ് സാങ്കേതിക തകരാർ മൂലം പരാജയപ്പെട്ടത്. റോക്കറ്റ് വിക്ഷേപണത്തിന്‍റെ മൂന്നാം ഘട്ടത്തിൽ റോക്കറ്റിന്റെ പറക്കൽ പാതയിൽ ഉണ്ടായ വ്യതിയാനമാണ് ദൗത്യം പരാജയപ്പെടാൻ കാരണമായത്. ഡാറ്റ വിശകലനം ചെയ്തു വരികയാണെന്നും എത്രയും വേഗം വിശദാംശങ്ങൾ പങ്കിടുമെന്നും ഐഎസ് ആഒ ചെയർമാൻ ഡോ. വി നാരായണൻ പറഞ്ഞു.

ഡിആർഡിഒയുടെ (DRDO) അത്യാധുനിക നിരീക്ഷണ ഉപഗ്രഹമായ അന്വേഷ (Anvesha) ഉൾപ്പടെ 16 ഉപഗ്രഹങ്ങളാണ് ഐഎസ്ആർഒയ്ക്ക് ഈ ദൗത്യത്തിൽ നഷ്ടമായത്. ഇവക്ക് പുറമെ ബ്രസീൽ, നേപ്പാൾ, യുകെ എന്നീ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉപഗ്രഹങ്ങളും, ഹൈദരാബാദ് ആസ്ഥാനമായുള്ള ധ്രുവ സ്പേസ് എന്ന സ്റ്റാർട്ടപ്പിന്റെ ഏഴ് ഉപഗ്രഹങ്ങളും നഷ്ടമായവയിൽ പെടും.

ഇന്ന് രാവിലെ 10:18 നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് EOS-N1 വഹിച്ചുകൊണ്ട് പിഎസ്എൽവിയുടെ 64-ാമത് ദൗത്യമായ പിഎസ്എൽവി-സി 62 വിക്ഷേപണം നടന്നത്. ഇത് രണ്ടാം തവണയാണ് ദൗത്യം പരാജയപ്പെടുന്നത്. കഴിഞ്ഞ വർഷം മേയിൽ നടന്ന ലോഞ്ചിങ്ങും മൂന്നാം ഘട്ടത്തിലുണ്ടായ സങ്കീർണതകൾ മൂലം പരാജയപ്പെട്ടിരുന്നു. തുടർച്ചയായി ഉണ്ടാകുന്ന പരാജയങ്ങളും ഉപഗ്രഹങ്ങൾ നഷ്ട്ടപ്പെട്ട ആഘാതവും ഐഎസ്ആർഒ വിലയിരുത്തിയേക്കും.




