പേരാമ്പ്ര: ദളിത് വിഭാഗക്കാരനായ പഞ്ചായത്ത് പ്രസിഡണ്ടിനെ യുഡിഎഫ് ജാതീയമായി അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്‌തതിനെതിരെ പ്രതിഷേധം കനക്കുന്നു. കഴിഞ്ഞ അഞ്ച് വർഷം ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന സിപിഐ എം പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗവും പട്ടികജാതി ക്ഷേമസമിതി പേരാമ്പ്ര ഏരിയാ സെക്രട്ടറിയുമായ ഉണ്ണി വേങ്ങേരിയെയാണ് യുഡിഎഫുകാർ ജാതീയമായി അധിക്ഷേപിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് യുഡിഎഫുകാർ ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസിൽ ചാണകവെള്ളം തളിച്ചതാണ് വിവാദമായത്.
ജാതീയ അധിക്ഷേപത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ്, ഡിവൈഎഫ്ഐ. പികെഎസ് സംഘടനകളുടെ നേതൃത്വത്തിൽ കടിയങ്ങാട് മാർച്ചും പൊതുയോഗവും സംഘടിപ്പിച്ചു. എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി നേതൃത്യത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രകടനവും പൊതുയോഗവും നടന്നു. സി ഡി പ്രകാശ് അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം കുഞ്ഞമ്മത്, എ കെ ശ്രീധരൻ, കെ കെ കുഞ്ഞിക്കണാരൻ, ടി ടി കുഞ്ഞമ്മത്, സുരേന്ദ്രൻ പാലേരി,കെ പി ആലിക്കുട്ടി എന്നിവർ സംസാരിച്ചു. ഒ ടി രാജൻ സ്വാഗതം പറഞ്ഞു.
പഞ്ചായത്ത് ഓഫീസ് മാർച്ച് ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡണ്ട് എം എം ജിജേഷ് ഉദ്ഘാടനം ചെയ്തു. വരുൺ അധ്യക്ഷനായി. ആർ സിദ്ധാർഥ്, പി എസ് പ്രവീൺ, സി വി രജീഷ്, പി കെ എസ് ജില്ലാ പ്രസിഡണ്ട് സി എം ബാബു, ജില്ലാ ട്രഷറർ ഷാജി തച്ചയിൽ, ഏരിയാ പ്രസിഡണ്ട് കെ. കെ. രാജീവൻ എന്നിവർ സംസാരിച്ചു. കെ കെ അമൽ സ്വാഗതം പറഞ്ഞു.
യുഡിഎഫ് കോട്ടയിൽ 2020ൽ എൽഡിഎഫ് അട്ടിമറി വിജയം നേടിയാണ് എസ്‌സി വിഭാഗത്തിൽപ്പെട്ട ഉണ്ണി വേലങ്ങരി പഞ്ചായത്ത് പ്രസിഡണ്ടായത്. ഇക്കുറി ഭരണം തിരിച്ചുപിടിച്ചതിൽ മത്തുപിടിച്ച യുഡിഎഫുകാരാണ് പഞ്ചായത്ത് ഓഫീസിനുമുകളിൽ ലീഗി പതാക ഉയർത്തുകയും ഓഫീസിൽ ചാണകവെള്ളം തളിക്കുകയും ചെയ്തത്.
കമീഷൻ റിപ്പോർട്ട് തേടി
ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ഉണ്ണി വേങ്ങേരിയെ അപമാനിക്കാനായി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ചാണകം വെള്ളം തളിച്ച് ശുദ്ധികലശം നടത്തി അവഹേളിച്ചെന്ന മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമീഷൻ റിപ്പോർട്ട് തേടി. കോഴിക്കോട് ജില്ലാ പൊലീസ് മേധാവിയോട് 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ലഭ്യമാക്കാൻ നിർദേശിച്ചു. പരാതിയിൽ കേസെടുത്ത് അന്വേഷിച്ച് നിയമനടപടിയെടുക്കാനും നിർദേശിച്ചിട്ടുണ്ടെന്ന് കമീഷൻ ചെയർപേഴ്സൺ അറിയിച്ചു.