KOYILANDY DIARY

The Perfect News Portal

പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് ഗാന്ധിമതി ബാലന്‍ അന്തരിച്ചു

 ചലച്ചിത്ര നിർമ്മാതാവും വിതരണക്കാരനുമായ ഗാന്ധിമതി ബാലൻ അന്തരിച്ചു. വാർദ്ധക്യസഹജ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ വൈകിട്ട് തൈക്കാട് ശാന്തികവാടത്തിൽ നടക്കും. ക്ലാസ്സിക്‌ സിനിമകളുടെ നിർമ്മാതാവായാണ് ഗാന്ധിമതി ബാലൻ അറിയപ്പെടുന്നത്.

വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്ന ഗാന്ധിമതി ബാലൻ ക‍ഴിഞ്ഞ ദിവസം വീണ് നട്ടെല്ല് പൊട്ടിയതിനെ തുടർന്ന് ആരോഗ്യം തീർത്തും മോശമാകുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെയോടെ മരണപ്പെട്ടു. നാളെ രാവിലെയാകും മൃതദേഹം ആശുപത്രിയിൽ നിന്നും വ‍ഴുതക്കാട്ടെ വീട്ടിലേക്ക് കൊണ്ട് പോകുക. പൊതുദർശനത്തിന് ശേഷം വൈകീട്ട് തൈക്കാട് ശാന്തികവാടത്തിൽ സംസ്കാരം നടക്കും.

 

ക്ലാസ്സിക്‌ മലയാള സിനിമകളുടെ നിർമ്മാതാവും വിതരണക്കാരനുമായാണ് ഗാന്ധിമതി ബാലനെ അടയാളപ്പെടുത്തുന്നത്. ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാനുമായിരുന്നു. 2015ൽ ദേശീയ ഗെയിംസ് ചീഫ് ഓർഗനൈസറായിരുന്നു. ആദ്യ സിനിമയായ ഇത്തിരി നേരം ഒത്തിരി കാര്യത്തിലൂടെ തന്നെ മലയാള സിനിമയിൽ സാന്നിധ്യമറിയിച്ച വ്യക്തി കൂടിയാണ് ബാലൻ. ആദാമിന്‍റെ വാരിയെല്ല്, പഞ്ചവടി പാലം, മൂന്നാം പക്കം, തൂവാനത്തുമ്പികൾ, സുഖമോ ദേവി, മാളൂട്ടി, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, ഈ തണുത്ത വെളുപ്പാൻ കാലത്ത്, പത്താംമുദയം തുടങ്ങിയ 30ൽ പരം ചിത്രങ്ങളുടെ നിർമാണവും വിതരണവും നിർവഹിച്ചു.

Advertisements