പ്രൊഫ. കെ ഇ എൻ കുഞ്ഞഹമ്മദിന് നാടിൻ്റെ ആദരം

കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനാ പുരസ്ക്കാരം ലഭിച്ച പ്രശസ്ത എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ പ്രൊഫ. കെ ഇ എൻ കുഞ്ഞഹമ്മദിന് നാടിൻ്റെ ആദരം. ഫറോഖ് ചെറുവണ്ണൂരിൽ നടന്ന “കെഇഎൻ കാലം, കനൽ, കരുത്ത് ” പരിപാടി മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

ഇടതുപക്ഷ മതനിരപേക്ഷ ചിന്താ പ്രവാഹത്തിന് ഉൾക്കരുത്ത് പകർന്ന സാംസ്കാരിക രാഷ്ട്രീയ സംഗമത്തിലാണ് പ്രൊഫ കെ ഇ എൻ കുഞ്ഞഹമ്മദിനെ ആദരിച്ചത്. കെ ഇ എൻ കുഞ്ഞഹമ്മദിന് സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച പശ്ചാത്തലത്തിൽ ചെറുവണ്ണൂർ എൻ പി ദാമോദരൻ പഠന കേന്ദ്രം ലൈബ്രറിയാണ് കെ ഇ എൻ കാലം കനൽ കരുത്ത് എന്ന പേരിൽ ആദര സമ്മേളനം സംഘടിപ്പിച്ചത്. പരിപാടി മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കെ ഇ എന്നിൻ്റെ എഴുത്തും പ്രഭാഷണവും എക്കാലവും പ്രാധാന്യം അർഹിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.

സംഘാടക സമിതി ചെയർമാൻ ടി രാധാഗോപി അധ്യക്ഷനായി. മേയർ ഡോ. ബീന ഫിലിപ്പ് ഉപഹാരം നൽകി. കെ ടി കുഞ്ഞിക്കണ്ണൻ ആമുഖ പ്രഭാഷണം നടത്തി. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ട് അശോകൻ ചരുവിൽ അനുമോദന പത്രം നൽകി. മനാഫ് താഴത്ത് അനുമോദന പത്രിക അവതരിപ്പിച്ചു. പ്രൊഫ. ഹമീദ് ചേന്ദമംഗല്ലൂർ, ഡോ. എം എം ബഷീർ, പ്രൊഫ. എം എം നാരായണൻ ഉൾപ്പെടെ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

