KOYILANDY DIARY.COM

The Perfect News Portal

പ്രൊഫ. എ സുധാകരന്‍ പുരസ്‌കാരം ഡോ. കെ മഹേശ്വരന്‍ നായര്‍ക്ക് സമ്മാനിച്ചു

പ്രൊഫ. എ സുധാകരന്‍ പുരസ്‌കാരം ഡോ. കെ മഹേശ്വരന്‍നായര്‍ക്ക് സമ്മാനിച്ചു. കേരളത്തിലെ വിദ്യാഭ്യാസ പ്രസ്ഥാനങ്ങള്‍ സാമൂഹികവും സാംസ്‌കാരികവുമായ പുരോഗതിക്ക് പ്രധാന പങ്ക് വഹിക്കുന്നതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. പ്രൊഫ. എ സുധാകരന്റെ സ്മരണയ്ക്കായി പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി നടത്തിയ പുരസ്‌കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

എഴുത്തുകാരനും സംസ്‌കൃത പണ്ഡിതനും സാംസ്‌കാരികപ്രവര്‍ത്തകനും അധ്യാപകനുമായ ഡോ. കെ മഹേശ്വരന്‍ നായര്‍ക്ക് പുരസ്‌കാരം സമ്മാനിച്ചു. പതിനായിരം രൂപയും പ്രശസ്തിപത്രവും ചിത്രകാരന്‍ കാരയ്ക്കാമണ്ഡപം വിജയകുമാര്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. കേരള സര്‍വകലാശാലയില്‍ നിന്നും മലയാളം എം.എ.യ്ക്ക് ഒന്നാം റാങ്ക് നേടിയ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ആവണി എസ്.ഡിക്ക് എകെജിസിടിയുടെ പ്രത്യേക പുരസ്‌കാരവും ഡോ.എസ്. രാജശേഖരന്‍ എന്‍ഡോവ്‌മെന്റും മന്ത്രി നല്‍കി.

 

പ്രൊഫ. എ. സുധാകരന്‍ അനുസ്മരണത്തിന്റെ ഭാഗമായി ബാലസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റി കുട്ടികള്‍ക്കായി സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും മന്ത്രി നിര്‍വഹിച്ചു. എകെജിസിടി പ്രസിഡണ്ട് ഡോ ജയകുമാര്‍ ആര്‍ അധ്യക്ഷനായ ചടങ്ങില്‍ പുകസ സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രൊഫ. വി.എന്‍ മുരളി, എകെജിസിടി സംസ്ഥാന സെക്രട്ടറി ഡോ പ്രിന്‍സ് പി ആര്‍, ജില്ലാ സെക്രട്ടറി ഡോ. കെ റഹീം, പുകസ സംസ്ഥാന സെക്രട്ടറി പി എന്‍ സരസമ്മ, ജില്ലാ പ്രസിഡന്റ് കെ ജി സൂരജ്, ബാലസംഘം ജില്ലാ സെക്രട്ടറി ഡി എസ് സന്ദീപ്, ജില്ലാ പ്രസിഡന്റ് ഭാഗ്യ മുരളി, കണ്‍വീനര്‍ റ്റി ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Advertisements

 

പുകസ സംസ്ഥാന സെക്രട്ടറി പ്രൊഫ. എ.ജി ഒലീന പ്രശസ്തി പത്രാവതരണം നടത്തി. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എസ് രാഹുല്‍ സ്വാഗതവും ട്രഷറര്‍ ഡോ. ഉണ്ണികൃഷ്ണന്‍ പാറയ്ക്കല്‍ നന്ദിയും പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘം, ബാലസംഘം, എകെജിസിടി എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

Share news