വി എസ് ൻ്റെ വിയോഗത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

ന്യൂഡൽഹി: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വി എസിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജീവിതത്തിലെ നിരവധി വര്‍ഷങ്ങള്‍ പൊതുസേവനത്തിനും കേരളത്തിന്റെ പുരോഗതിക്കുമായി വി എസ് സമര്‍പ്പിച്ചുവെന്നും തങ്ങള്‍ ഇരുവരും മുഖ്യമന്ത്രിമാരായിരുന്ന കാലത്തെ ഇടപെടലുകള്‍ ഓര്‍ക്കുകയാണെന്നും നരേന്ദ്രമോദി പറഞ്ഞു. ദുഃഖവേളയില്‍ തന്റെ ചിന്തകള്‍ വി എസിന്റെ കുടുംബത്തിനും അനുയായികള്‍ക്കുമൊപ്പമാണെന്നും പ്രധാനമന്ത്രി എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

രാഷ്ട്രപതി ദ്രൗപതി മുര്‍മുവും വിഎസിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തി. വി എസിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു. ദീര്‍ഘകാല പൊതുജീവിതത്തില്‍ അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയും കേരളത്തിന്റെ വികസനത്തിന് സംഭാവന നല്‍കുകയും ചെയ്തയാളാണ് വി എസെന്ന് ദ്രൗപതി മുര്‍മു പറഞ്ഞു. വി എസിന്റെ കുടുംബത്തിനും അനുയായികള്‍ക്കും അനുശോചനം അറിയിക്കുന്നുവെന്നും രാഷ്ട്രപതി എക്‌സില്‍ കുറിച്ചു.


കേരളത്തിന്റെ പൊതുരംഗത്തെ ശക്തമായ സാന്നിധ്യം; വി എസിന്‌റെ വേര്‍പാട് തീരാനഷ്ടം: സണ്ണി ജോസഫ്
ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌റിവാളും വി എസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. പൊതുജീവിതത്തിനും ജനക്ഷേമത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്നും അനുശോചനം രേഖപ്പെടുത്തുന്നുവെന്നുമാണ് അരവിന്ദ് കെജ്‌റിവാള്‍ പറഞ്ഞത്.

സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വി എസ് അക്ഷരാർത്ഥത്തിൽ സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാഷണൽ കൗൺസിലിൽ നിന്നും ഇറങ്ങി വന്ന് സിപിഐഎം രൂപീകരിക്കുന്നതിൽ മുന്നിലുണ്ടായിരുന്ന അവസാന നേതാവ് കൂടിയാണ് ഓർമ്മയാകുന്നത്. തിരുവിതാംകൂറിലും പിന്നീട് ഐക്യകേരളത്തിലും നടന്ന തൊഴിലാളി വർഗ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഒരുയുഗം കൂടിയാണ് വി എസിന്റെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നത്.

