KOYILANDY DIARY

The Perfect News Portal

വിലക്കയറ്റം മറ്റു സംസ്ഥാനങ്ങളെക്കാൾ
കുറവ്‌ കേരളത്തിൽ; മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: വിലക്കയറ്റം മറ്റു സംസ്ഥാനങ്ങളെക്കാൾ
കുറവ്‌ കേരളത്തിലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. വിലക്കയറ്റം കേരളത്തിലെമാത്രം വിഷയമല്ല, ദേശീയ പ്രശ്‌നമാണ്‌. കാലാവസ്ഥാ വ്യതിയാനവും പ്രകൃതിക്ഷോഭം ഉൾപ്പെടെയുള്ള കാരണങ്ങളും പച്ചക്കറി ലഭ്യതയെ ബാധിച്ചിട്ടുണ്ട്. ഇത് ചിലയിനം പച്ചക്കറികളുടെ വിലയിൽ താൽക്കാലിക വർധനവിന് കാരണമായിട്ടുണ്ട്. എന്നാൽ, മറ്റ് നിത്യോപയോഗ സാധനങ്ങൾക്ക്‌ കാര്യമായ വില വ്യത്യാസമില്ലെന്നും സഭാനടപടികൾ നിർത്തിവെച്ച്‌ ചർച്ച ചെയ്യുന്നതിനുള്ള പ്രതിപക്ഷ ഉപക്ഷേപത്തിന്‌ മറുപടിയായി മന്ത്രി പറഞ്ഞു.

Advertisements

ഭക്ഷ്യധാന്യം നൽകുന്നതിൽ കേന്ദ്ര സർക്കാർ കേരളത്തോട്‌ കാട്ടുന്ന വിവേചനത്തെക്കുറിച്ച്‌ പറയാനോ ഒരുമിച്ചു നിൽക്കാനോ പ്രതിപക്ഷം തയ്യാറല്ല. കേന്ദ്രനയം മാറാതെ വിലക്കയറ്റം കുറയില്ല. റേഷൻ വിതരണത്തിന്‌ വർഷം 914 കോടി രൂപ സംസ്ഥാനം ചെലവഴിക്കുമ്പോൾ 86 കോടി മാത്രമാണ് കേന്ദ്രം നൽകുന്നത്‌. എഫ്‌സിഐയിൽനിന്ന്‌ 8.30 രൂപ നിരക്കിൽ അരി വാങ്ങി നാല്‌ രൂപയ്ക്കാണ്‌ നീലക്കാർഡുകാർക്ക്‌ നൽകുന്നത്‌. കർണാടകയിൽ അരിവില ശരാശരി 54.71 രൂപയും തെലങ്കാനയിൽ 47 രൂപയുമുള്ളപ്പോൾ കേരളത്തിൽ 45 രൂപയാണെന്നും അദ്ദേഹം പറഞ്ഞു.

 

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തിൽ വിലക്കയറ്റം കുറവാണെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാലും ചൂണ്ടിക്കാട്ടി. പച്ചക്കറിയുടെ വിലക്കയറ്റം നിയന്ത്രിക്കാൻ നടപടിയെടുത്തതായി കൃഷിമന്ത്രി പി പ്രസാദ്‌ പറഞ്ഞു. ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി നേരിട്ട്‌ സംഭരിച്ച്‌ വിതരണം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരുടെ മറുപടിയെ തുടർന്ന്‌ ഉപക്ഷേപത്തിന്‌ സ്‌പീക്കർ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച്‌ പ്രതിപക്ഷം ഇറങ്ങിപ്പോയി.

Advertisements