രാഷ്ട്രപതി ദ്രൗപതി മുര്‍മു സന്നിധാനത്തെത്തി ദര്‍ശനം നടത്തി

.
ഇരുമുടി കെട്ടുമായി ശബരിമല ദര്‍ശനം നടത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു. പമ്പ ഗണപതി കോവിലിൽ നിന്ന് ഇരുമുടി കെട്ട് നിറച്ചാണ് സന്നിധാനത്തേക്ക് യാത്ര തിരിച്ചത്. പമ്പയിൽ നിന്നും ഇരുമുടിക്കെട്ട് നിറച്ച് സന്നിധാനക്കെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു പതിനെട്ടാം പടി ചവിട്ടി സന്നിധാനത്തെത്തി. തുടർന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ ദേവസ്വം പ്രസിഡണ്ട് പി എസ് പ്രശാന്ത് അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. ശബരിമല തന്ത്രി, മേൽശാന്തി എന്നിവർ സോപാനത്തിന് മുന്നിൽ രാഷ്ട്രപതിയെ പുർണ്ണ കുംഭം നൽകി സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ചു. ഉച്ചപൂജ തൊഴുത് സന്നിധാനം ഗസ്റ്റ് ഹൗസിൽ വിശ്രമിച്ച ശേഷം 3 മണിയൊടെ രാഷ്ട്രപതി പമ്പയിലേക്ക് മടങ്ങും.

രാവിലെ 11 മണിയോടെ പ്രത്യേക വാഹനവ്യൂഹത്തിൽ പമ്പയിലെത്തിയ രാഷ്ട്രപതി പമ്പാ നദിയിൽ കാൽ കഴുകിയതിന് ശേഷം ഗണപതി ക്ഷേത്രത്തിലെത്തി. ക്ഷേത്രം മേൽശാന്തി വിഷ്ണു നമ്പൂതിരിയുടെ നേതൃത്വത്തിൽ രാഷ്ട്രപതിക്കും സംഘത്തിനും കെട്ടുനിറച്ചു നൽകി. രാഷ്ട്രപതിക്ക് പുറമെ എഡിസി സൗരഭ് എസ് നായർ, പി എസ് ഒ വിനയ് മാത്തൂർ, രാഷ്ട്രപതിയുടെ മരുമകൻ ഗണേഷ് ചന്ദ്ര ഹോംബ്രാം എന്നിവരും പമ്പയിൽ നിന്ന് കെട്ടുനിറച്ചു. തുടർന്ന് പ്രത്യേക വാഹന വ്യൂഹത്തിലാണ് സന്നിധാനത്തേക്ക് തിരിച്ചത്.

രാവിലെ 8.40ന് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ എത്തിയ രാഷ്ട്രപതിയെ ദേവസ്വം വകുപ്പ് മന്ത്രി വി. എന്‍ വാസവൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ആൻ്റോ ആൻ്റണി എംപി, കെ.യു ജനീഷ് കുമാർ എംഎൽഎ, പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ജില്ലാ പൊലിസ് മേധാവി ആര്‍ ആനന്ദ് എന്നിവരും സ്വീകരിക്കാനുണ്ടായിരുന്നു.

