KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഉപജില്ല സ്കൂൾ കലാമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി

കൊയിലാണ്ടി ഉപജില്ല സ്കൂൾ കലാ കായിക മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നവംബർ 14, 15, 16, 17 തിയ്യതികളിലായാണ് മേള നടക്കുന്നത്. സ്റ്റേജ് മത്സരങ്ങൾ നവംബർ 14 നും സ്റ്റേജിതര മത്സരങ്ങൾ നവംബർ 15, 16, 17 തീയതികളിലായി ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി കേന്ദ്രമാക്കി 12 സ്റ്റേജുകളിലായി നടക്കും. കലാമേളയുടെ വിജയത്തിനായി എല്ലാ സുമനസ്സുകളുടെയും സഹകരണം സംഘാടകസമിതി അഭ്യർത്ഥിച്ചു.

ഉപജില്ലയിലെ 78 വിദ്യാലയങ്ങളിൽ നിന്നായി 5000 വിദ്യാർത്ഥികൾ നാല് ദിവസങ്ങളിലായി നടക്കുന്ന കലാമേളയിൽ മാറ്റുരയ്ക്കാൻ എത്തുന്നു. 12 വേദികളിലായി നടക്കുന്ന മേളയുടെ ഉദ്ഘാടനം നവംബർ 15ന് വൈകുന്നേരം 4 മണിക്ക് കാനത്തിൽ ജമീല MLA ഉദ്ഘാടനം നിർവഹിക്കും. നവംബർ 17ന് വൈകിട്ട് 5 നടക്കുന്ന സമാപന സമ്മേളനം എം.പി. ശിവാനന്ദൻ (വൈസ് പ്രസിഡൻ്റ്, ജില്ലാ പഞ്ചായത്ത്)  ഉദ്ഘാടനം ചെയ്യും.
Advertisements
കലകളെയും കലാകാരന്മാരെയും ജാതിക്കും മതത്തിനും അതീതമായി നെഞ്ചിലേറ്റുകയും കലകളെ വാരി പുണരുകയും ആസ്വദിക്കുകയും ചെയ്യുന്ന പൈതൃകത്തിന് ഉടമകളാണ് മലയാളികൾ. കലാകാരന്മാരുടെ എക്കാലത്തെയും കലഹം നീതിക്കുവേണ്ടിയാണ്. അവർ നിലയുറപ്പിക്കുന്നത് മാനവ പക്ഷത്താണ്. പങ്കെടുക്കുന്നവരുടെ എണ്ണം കൊണ്ടും ഇനങ്ങളുടെ വൈവിദ്ധ്യം കൊണ്ടും സംഘാടനത്തിലെ വൈഭവം കൊണ്ടും കലകളുടെ മാമാങ്കം തന്നെയാണ് സ്കൂൾ കലോത്സവം. സംഗീത- സാഹിത്യ-അഭിനയ – രാഷ്ട്രീയ രംഗങ്ങളിലെ തലയെടുപ്പോടെ നിലകൊള്ളുന്ന ഒട്ടേറെ പേരുടെ താരോദയം സ്കൂൾ കലോത്സവങ്ങളിലൂടെയാണ്. “കുട്ടികൾ മത്സരിക്കണം, കലമാത്രം ജയിക്കണം”
ഇതാവട്ടെ ഓരോ കലോത്സവങ്ങളും മുന്നോട്ടുവെക്കുന്ന ചിന്ത.
നമ്മുടെ പ്രാചീന ചരിത്ര സ്മൃതികളിൽ തിളക്കമാർന്ന ഏടുകൾ കൂട്ടിച്ചേർത്ത ഇടമാണ് കൊയിലാണ്ടി. ഈ കലോത്സവത്തെയും നാടിന്റെ ഉത്സവമാക്കി മാറ്റി കൊയിലാണ്ടിയുടെ സാംസ്കാരിക ചരിത്രഭൂമികയിൽ അടയാളപ്പെടുത്തുവാനും സുവർണ്ണ ലിപികളാൽ ആലേഖനം ചെയ്യുവാനും ഇനിയുള്ള ദിവസങ്ങളിൽ നമുക്ക് കഴിയട്ടെ!
വാർത്ത സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ നഗരസഭാ ഉപാധ്യക്ഷൻ അഡ്വ. കെ. സത്യൻ ജനറൽ കൺവീനർ പി. വത്സല എ.ഇ. പി.പി സുധ എച്ച്.എം. ഫോറം കൺവീനർ ഷാജി. എൻ ബൽറാം പബ്ലിസിറ്റി കമ്മിറ്റി ചെയർപേഴ്സൺ കെ.എ ഇന്ദിര, എം.പി നിഷ ടീച്ചർ, ബിജേഷ് ഉപ്പാലക്കൽ, നഗരസഭാംഗങ്ങളായ പി. രത്നവല്ലിടീച്ചർ, ജിഷ പുതിയേടത്ത്, വൈശാഖ്, ഫാസിൽ, അസീസ് മാസ്റ്റർ, സംഘടനാ പ്രതിനിധികളായ കെ.കെ. മനോജ്, ജെ.എൻ. പ്രേം ഭാസിൽ, ബഷീർ വടക്കയിൽ, നിഖിൽ മോഹൻ. യു, സി.കെ. ബാലകൃഷ്ണൻ, ഷർഷാദ് കെ.പി, ഷുക്കൂർ കെ.കെ., സായൂജ്. ഡി, രൂപേഷ് കുമാർ വിവിധ സബ് കമ്മറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.