പി ആർ നമ്പ്യാർ സ്മാരക പുരസ്കാരം പി ഹരീന്ദ്രനാഥിന് സമ്മാനിച്ചു

വടകര: പി ഹരീന്ദ്രനാഥിന് പി ആർ നമ്പ്യാർ സ്മാരക പുരസ്കാരം സമ്മാനിച്ചു. മഹാത്മജിയും ജവഹര്‍ലാല്‍ നെഹ്റുവും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഇന്ത്യന്‍ സ്വാതന്ത്ര്യ ലബ്ധിക്കായി ഒന്നും ചെയ്തിട്ടില്ലെന്ന് കേന്ദ്രം ഭരിക്കുന്നവര്‍ തന്നെ പ്രചരിപ്പിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്നും ഈ കാലഘട്ടത്തില്‍ പി ഹരീന്ദ്രനാഥ് രചിച്ച ‘മഹാത്മാ ഗാന്ധി കാലവും കർമ്മപർവവും 1869-1915’ എന്ന ആധികാരികവും സമഗ്രവുമായ ഗ്രന്ഥം വളരെ പ്രസക്തമാണെന്നും അഡ്വ. പി സന്തോഷ് കുമാര്‍ എംപി അഭിപ്രായപ്പെട്ടു.

സ്വാതന്ത്ര്യ സമര സേനാനി, കമ്മ്യൂണിസ്റ്റ് നേതാവ്, അധ്യാപക പ്രസ്ഥാനത്തിന്‍റെ സ്ഥാപക നേതാവ്, എഴുത്തുകാരന്‍, പത്ര പ്രവര്‍ത്തകന്‍, ഉജ്വല വാഗ്മി എന്നിങ്ങനെ ഒട്ടേറെ വിശേഷണങ്ങള്‍ക്ക് ഉടമയായ പി ആർ നമ്പ്യാരുടെ സ്മരണാർത്ഥം പി ആർ നമ്പ്യാർ സ്മാരക ട്രസ്റ്റ്’ ഏർപ്പെടുത്തിയ പുരസ്കാരം ചരിത്രകാരനും പ്രഭാഷകനുമായ പി ഹരീന്ദ്രനാഥിന്, സമ്മാനിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അര്‍ഹമായ കൈകളിലേക്കാണ് ഇത്തവണ പുരസ്കാരം എത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വടകര ടൗൺഹാളിൽ നടന്ന പി ആർ നമ്പ്യാർ അനുസ്മരണ പരിപാടിയിൽ പി ആര്‍ ട്രസ്റ്റ് ചെയര്‍മാന്‍ പ്രൊഫ.കെ പാപ്പൂട്ടി അധ്യക്ഷത വഹിച്ചു.

‘മഹാത്മാ ഗാന്ധി കാലവും കർമ്മപർവവും 1869-1915’ എന്ന ഗ്രന്ഥ രചന പരിഗണിച്ചാണ് പുരസ്കാരം ഹരീന്ദ്രനാഥിന് നല്‍കാന്‍ തീരുമാനിച്ചത്. കെ കെ ബാലന്‍ മാസ്റ്റര്‍ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. പി ആര്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി സോമന്‍ മുതുവന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി ഹരീന്ദ്രനാഥ് മറുമൊഴി നടത്തി. യുവകലാസാഹിതി സംസ്ഥാന അധ്യക്ഷന്‍ ആലങ്കോട് ലീലാ കൃഷ്ണന്‍, പി ആര്‍ നമ്പ്യാര്‍ സ്മാരക പ്രഭാഷണവും സത്യന്‍ മൊകേരി അനുസ്മരണ പ്രഭാഷണവും നടത്തി.

ടി വി ബാലന്‍, ഇ കെ വിജയന്‍ എംഎല്‍എ, ബി സുരേഷ് ബാബു, എം സി വടകര, പുറന്തോടത്ത് സുകുമാരന്‍, ടി കെ രാജന്‍ മാസ്റ്റര്‍, പി സുരേഷ് ബാബു, തുടങ്ങിയവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ പി സുരേഷ് ബാബു സ്വാഗതവും കണ്‍വീനര്‍ എന്‍ എം ബിജു നന്ദിയും പറഞ്ഞു.
