KOYILANDY DIARY.COM

The Perfect News Portal

രമ്യ ഹരിദാസിന്റെ തോല്‍വിയില്‍ പാലക്കാട് ഡിസിസി പ്രസിഡണ്ടിനെതിരെ പോസ്റ്റര്‍

പാലക്കാട്: രമ്യ ഹരിദാസിന്റെ തോല്‍വിയില്‍ പാലക്കാട് ഡിസിസി പ്രസിഡണ്ടിനെതിരെ പോസ്റ്റര്‍. ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് തോറ്റതിൽ സ്ഥാനാർത്ഥിയെ കുറ്റപ്പെടുത്തി ഇന്നലെ ഡി.സി.സി. പ്രസിഡണ്ട് രംഗത്തു വന്നിരുന്നു. അതിനു പിന്നാലെയാണ് പാലക്കാട് ഡിസിസി പ്രസിഡണ്ടിനെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
രമ്യാ ഹരിദാസിൻ്റെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡി.സി.സി. പ്രസിഡണ്ട് എ. തങ്കപ്പൻ രാജിവയ്ക്കണമെന്നും പോസ്റ്ററിൽ ആവശ്യപ്പെട്ടു. തോൽവിക്ക് തങ്കപ്പനും ഉത്തരവാദിയാണെന്നും പോസ്റ്ററിൽ പറയുന്നുണ്ട്. “ആലത്തൂരിന്റെ തോല്‍വിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഡിസിസി പ്രസിഡന്റ് തങ്കപ്പന് ഒഴിഞ്ഞുമാറാനാവുമോ?. സംഘടനയുടെ പ്രശ്‌നങ്ങള്‍ മുന്നേ കൂട്ടി അറിയിച്ചപ്പോഴും നിസ്സംഗത കാട്ടിയ തങ്കപ്പന്‍ രാജിവെക്കുക. തോല്‍വിയുടെ ഉത്തരവാദിത്തം തങ്കപ്പന് കൂടിയുള്ളതാണ്.
രാജിവെക്കുക” എന്നാണ് പോസ്റ്ററിലുള്ളത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന പേരിലാണ് പാലക്കാട് നഗരത്തില്‍ വ്യാപകമായി പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ആലത്തൂരില്‍ എൽ.ഡി.എഫിൻ്റെ സി.പി.എം. സ്ഥാനാർത്ഥി മന്ത്രി കെ രാധാകൃഷ്ണനോടാണ് സിറ്റിങ് എംപിയായ രമ്യ ഹരിദാസ് പരാജയപ്പെട്ടത്. തോല്‍വിയില്‍ സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ പഴിച്ച്‌ ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ രംഗത്തു വന്നതിനു പിന്നാലെയാണ് വ്യാപകമായി പാലക്കാട് നഗരത്തിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്..
Share news