KOYILANDY DIARY.COM

The Perfect News Portal

ഐഎസ്‌പിഎസ് അംഗീകാരം ലഭിച്ചതോടെ തുറമുഖങ്ങൾ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്‌

ബേപ്പൂർ: ഐഎസ്‌പിഎസ് (ഇന്റർനാഷണൽ ഷിപ്പ് ആൻഡ്‌ പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി കോഡ്) അംഗീകാരം ലഭിച്ചതോടെ കൊല്ലം, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങൾ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്‌. വിഴിഞ്ഞത്തിനൊപ്പമാണ്‌ സംസ്ഥാനത്തെ മറ്റു പ്രധാന മൂന്ന്‌ തുറമുഖങ്ങൾക്കും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം കോഡ്‌ അനുവദിച്ചത്‌. 
യാത്ര, ചരക്ക് കപ്പൽ, ടൂറിസം ക്രൂസ്‌ ഗതാഗത  രംഗത്ത് വൻ സാധ്യതയാണ്‌ ഇതുവഴി തെളിയുന്നത്‌. ഐഎസ്‌പിഎസ്  ലഭിച്ചതിൻറെ സംസ്ഥാനതല പ്രഖ്യാപനം ബേപ്പൂർ തുറമുഖത്ത്‌ മന്ത്രി അഹമ്മദ്‌ ദേവർ കോവിൽ നിർവഹിച്ചു. മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ അധ്യക്ഷത വഹിച്ചു. വിദേശ കപ്പലുകൾക്ക്‌ ഈ തുറമുഖങ്ങളിൽ നേരിട്ട്‌ പ്രവേശിക്കാമെന്നതാണ്‌ പ്രധാന സവിശേഷത. വിഴിഞ്ഞത്ത്‌ വിദേശ കപ്പലുകൾ എത്തുന്നതോടെ മറ്റു തുറമുഖങ്ങളും ചരക്കുനീക്കത്തിൻറെ കേന്ദ്രമാവും.
വിനോദസഞ്ചാര മേഖലയിൽ ക്രൂയിസ്‌ ഗതാഗതത്തിന്‌ സാധ്യത തെളിയും. ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള യാത്ര, – ചരക്കു കപ്പൽ സർവീസ്‌ നേരിട്ട്‌ ആരംഭിക്കാനുമാവും.  ഇതിനായി കേരള ഷിപ്പിങ് ആൻഡ്‌ ഇൻലാൻഡ്‌  നാവിഗേഷൻ കോർപറേഷൻ ലിമിറ്റഡ്‌ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. 
2001ൽ അമേരിക്കയിൽ ട്വിൻ ടവർ ആക്രമണത്തിൻറെ പശ്ചാത്തലത്തിലാണ്‌ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ  തുറമുഖങ്ങൾക്ക്‌  ഐഎസ്‌പിഎസ്‌ കോഡ്‌ നിർബന്ധമാക്കിയത്‌. പ്രവേശന നിയന്ത്രണം, പരിസ്ഥിതി വീക്ഷണം–-റോന്ത് ചുറ്റൽ, അതിർത്തി സംരക്ഷണം, സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യത, ജീവനക്കാരുടെ കാര്യക്ഷമത, ഫയലിങ് തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ചാണ്‌ സർട്ടിഫിക്കേഷൻ. ഡയറക്ടർ ജനറൽ ഓഫ്‌ ഷിപ്പിങ്ങിന്‌ കീഴിലെ ഉദ്യോഗസ്ഥർ നേരിട്ടെത്തി ഓഡിറ്റിങ് നടത്തിയാണ്‌ കോഡ്‌ അനുവദിച്ചത്‌.

 

Share news