പൂരം അലങ്കോലപ്പെട്ട കേസ്; സുരേഷ് ഗോപിയുടെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം

തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. തിരുവനന്തപുരത്ത് അതീവ രഹസ്യമായാണ് മൊഴിയെടുത്തത്. പൂരം അലങ്കോലപ്പെട്ടതിലെ ഗൂഢാലോചന സംബന്ധിച്ചാണ് പ്രത്യേക സംഘം അന്വേഷിക്കുന്നത്. തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് ത്രിതല അന്വേഷണമാണ് പ്രഖ്യാപിക്കപ്പെട്ടിരുന്നത്. അതില്‍ എ.ഡി.ജി.പി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘത്തിന്റെ അന്വേഷണമാണ് ബാക്കിയുളളത്. ഈ അന്വേഷണത്തിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തത്.

പ്രത്യേകം തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു മൊഴിയെടുപ്പ്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ തോംസണ്‍ ജോസ് അടക്കമുളള ഉദ്യോഗസ്ഥ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. തൃശൂർ പൂരം നടന്ന ദിവസം പൂരനഗരിയിൽ ചട്ടം ലംഘിച്ച് ആംബുലൻസിൽ എത്തിയെന്നാണ് സുരേഷ് ഗോപിക്കെതിരെയുള്ള കേസ്. സുരേഷ് ഗോപി ആംബുലൻസിൽ വന്നിറങ്ങുന്ന ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ താൻ ആംബുലൻസിൽ എത്തിയെന്നത് കള്ളമാണെന്നായിരുന്നു നടന്റെ വാദം.

താൻ ആംബുലൻസിൽ പോയത് മായക്കാഴ്‌ചയാണെന്നായിരുന്നു പൊതുവേദികളിൽ സുരേഷ് ഗോപി പ്രസംഗിച്ചിരുന്നത്. എന്നാൽ ആംബുലൻസിൽ വന്നിറങ്ങുന്ന ദൃശ്യങ്ങൾ വീണ്ടും മാധ്യമങ്ങളിൽ നിറഞ്ഞതോടെ പുതിയ തിരക്കഥയുമായെത്തി. അഞ്ച് കിലോമീറ്റർ കാറിൽ സഞ്ചരിച്ചാണ് പൂരത്തിനെത്തിയത്. എന്നാൽ തന്റെ വാഹനം ഗുണ്ടകൾ ആക്രമിച്ചെന്നും അതിനാലാണ് ആംബുലൻസിൽ പോയതെന്നുമായിരുന്നു കഥ. കുറച്ചു ദിവസത്തിന് ശേഷം കാലിന് വേദനയായതിനാൽ നടക്കാൻ പറ്റാത്തതിനാലാണ് ആംബുലൻസിൽ എത്തിയതെന്നു കൂടി കഥയിൽ ചേർത്തു. തൃശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്.

