KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് കലാലയം: നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

പൂക്കാട്: പൂക്കാട് കലാലയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി രണ്ടു ദിവസങ്ങളിലായി നടക്കുന്ന നൃത്തോത്സവത്തിന് സമാരംഭമായി. കേരളത്തിനകത്തും പുറത്തുമുള്ള പതിനാറോളം നൃത്തസംഘങ്ങളും നൃത്തോത്സവത്തിൽ പങ്കാളികളാകുന്നു. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല നൃത്ത വിഭാഗം മുൻ മേധാവി ഡോ. വേണുഗോപാലൻ നായർ നൃത്തോത്സവം ഉദ്ഘാടനം ചെയ്തു. കലാലയം പ്രസിഡണ്ട് യു.കെ രാഘവൻ അധ്യക്ഷത വഹിച്ചു.
കലാലയം പി.ടി.എ. പ്രസിഡണ്ട് റിനു കെ. ആശംസകൾ നേർന്നു. സി. ശ്യാം സുന്ദർ , സുനിൽ തിരുവങ്ങൂർ എന്നിവർ സംസാരിച്ചു. തുടർന്ന് കലാമണ്ഡലം സത്യവ്രതനും പ്രദീപ് ഗോപാലും ചേർന്ന് മായാ ശൈലം എന്ന നൃത്തശില്പവും നൃത്ത കൗമുദി പ്രസാദ് ഭാസ്കര കണ്ണൂർ – ഭരതനാട്യം, ജിനിദി ലിദാദ് തൃശൂർ – മോഹിനിയാട്ടം, ഡോ. നീതു കൃഷ്ണ, ആതിര ഉണ്ണി കണ്ണൂർ – ഭരതനാട്യം, ഹൈദരബാദിൽ നിന്നുള്ള ഡോ. കലാമണ്ഡലം ബിജിനയും സുരേന്ദ്രനാഥും ചേർന്ന് കുച്ചിപ്പുടി, നൂപുരം നൃത്തവിദ്യാലയം അവതരിപ്പിച്ച ഡാൻസ് ഡ്രാമ – ദ്രൗപദി എന്നിവ അരങ്ങിലെത്തി.
നൃത്തോത്സവത്തിന്റെ ഭാഗമായി രാവിലെ മുതൽ ഡോ.വേണുഗോപാലൻ നായർ നേതൃത്വത്തിൽ ഭരതാർണവം എന്ന നൃത്ത പഠനശിബിരം നടന്നു. കലാമണ്ഡലം സത്യവ്രതൻ, രാധാകൃഷ്ണൻ ഭരതശ്രീ, ശ്യാം സുന്ദർ, സുരേഷ് ഉണ്ണി എന്നിവർ സംസാരിച്ചു. എൺപതോളം നൃത്തവിദ്യാർത്ഥികൾ ശിബിരത്തിൽ പങ്കെടുത്തു. ശിവദാസ് കാരോളി സ്വാഗതവും കെ.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
Share news