KOYILANDY DIARY

The Perfect News Portal

കളി ആട്ടത്തിന് ഒരുങ്ങി പൂക്കാട് കലാലയം

കളി ആട്ടത്തിന് ഒരുങ്ങി പൂക്കാട് കലാലയം. കേരളത്തിലെ ഏറ്റവും വലിയ കുട്ടികളുടെ അവധിക്കാല മഹോത്സവമായ കളി ആട്ടത്തിന് പൂക്കാട് കലാലയം തയ്യാറായി. ആട്ടം, പാട്ട്, കൂട്ട്, കളി, ചിരി, നന്മ, കഥ, ആനന്ദം, അറിവ്, നാടകം, അനുഭവം, സല്ലാപം, കൗതുകം, സ്വപ്നം തുടങ്ങി കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികസന ലക്ഷ്യവുമായി 6 നാളുകളിൽ നീളുന്ന കളി ആട്ടം 2023  പ്രശസ്ത കവിയും പ്രഭാഷകനും കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയുമായ കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്യും.
സ്വാഗത സംഘം ചെയർമാൻ ഇ.കെ.അജിത്ത് അദ്ധ്യക്ഷത വഹിക്കും. കേരള സംഗീത നാടക അക്കാദമി ഗുരുപൂജ അവാർഡ് ജേതാവായ പൂക്കാട് കലാലയം പ്രിൻസിപ്പാൾ ശിവദാസ് ചേമഞ്ചേരിയെ ചടങ്ങിൽ വെച്ച് ആദരിക്കും. പ്രശസ്ത നാടക സംവിധായകൻ മനോജ് നാരായണൻ ഡയറക്ടറും, നാടക രചയിതാവ് എ. അബൂബക്കർ കോ-ഓഡിനേറ്ററുമായ കളി ആട്ടം ക്യാമ്പിൽ വിവിധ ജില്ലകളിൽ നിന്നായി 600 ലധികം വിദ്യാർത്ഥികൾ പങ്കെടുക്കും.
Advertisements
ചെറിയ പ്രായക്കാർക്കായുള്ള കുട്ടി കളി ആട്ടം ഏപ്രിൽ 29 മുതൽ 3 ദിവസം നടക്കും. കളി ആട്ടം സല്ലാപത്തിൽ വിവിധ മേഖലകളിൽ പ്രമുഖരായ ഗോപിനാഥ് കോഴിക്കോട്, ശ്രീജ ആറങ്ങോട്ടുകര, അബീഷ് ശശിധരൻ, കബനി, വി.ടി.മുരളി, സനോജ് മാമ  മുഹമ്മദ് പേരാമ്പ്ര, രമേശ് കാവിൽ, മുല്ലക്കര രത്നാകരൻ, പാപ്പൂട്ടി മാസ്റ്റർ, എം.എം. സചീന്ദ്രൻ, എം.കെ. മനോഹരൻ, നൗഷാദ് ഇബ്രാഹിം, ഉഷാ ചന്ദ്രബാബു, സ.ജ്ന എൻ എന്നിവർ സംബന്ധിക്കും.
എല്ലാ ദിവസവും രാവിലെ നാടകവ്യായാമത്തോടെ സമാരംഭിക്കുന്ന ക്യാമ്പിൽ സംവാദങ്ങളും തിയറ്റർ ആക്ടിവിറ്റികളും ആദരങ്ങളും രചനകളും നടക്കും. എല്ലാ ദിവസവും വൈകീട്ട് 5.30 ന് ആരംഭിക്കുന്ന തിയറ്റർ ഫെസ്റ്റിവലിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി 12 ചിൽഡ്രൻസ് തിയറ്ററുകൾ കുട്ടികളുടെ നാടകങ്ങൾ അവതരിപ്പിക്കും. ഒന്നാം ദിവസം കലിഡോസ്ക്കോപ്പ് മധുരൈ, തമിഴ്നാട് അവതരിപ്പിക്കുന്ന ‘കുട്ടയ്യ കുട്ടയ്യ’ അരങ്ങേറും.
തുടർ ദിവസങ്ങളിൽ ‘എന്താ പ്രശ്നം’ ഗവ.യു.പി.സ്ക്കൂൾ വേളൂർ, പൂക്കാട് കലാലയം ചിൽഡ്രൻസ് തിയറ്റർ-‘കുട്ടനും മുട്ടനും’, സോളോഡ്രാമ- മരണമൊഴി, പൂക്കാട് കലാലയം.-തെന്നാലി രാമൻ, പെന്റോറപെട്ടി, സിൻഡ്രല്ല, കിള്ളി, നാടക ചങ്ങായീസിൻ്റെ തെരുക്കൂത്ത്, അരസനിൻ കഴിപ്പാറൈ, കോക്കല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൻ്റെ ‘കലാസമിതി’ നാടകങ്ങൾ രംഗത്ത് വരും. വിവിധ പുരസ്ക്കാരങ്ങൾ ലഭിച്ച ഗോപിനാഥ് കോഴിക്കോട്, ഫാറൂൺ അൽ ഉസ്മാൻ , സുരേഷുണ്ണി, രമേശ് കോവുമ്മൽ, സുരേഷ് ബാബു ശ്രീസ്ഥ, വിജയരാഘവൻ ചേലിയ എന്നിവരെ കളി ആട്ടം വേദിയിൽ ആദരിക്കും.
Advertisements
ഏപ്രിൽ 29ന് വൈകീട്ട് 6 മണിക്ക്  കാപ്പാട് കടപ്പുറത്ത് മാനവീയജ്വാല ഒരുക്കും. മെയ് 1ന് കളിയാട്ട വേദിയിൽ നിന്ന് ആരംഭിച്ച് കാഞ്ഞിലശ്ശേരി മിനി സ്റ്റേഡിയത്തിലെ ദാമു കാഞ്ഞിലശ്ശേരി നഗരിയിലേക്ക് തിയറ്റർ മാർച്ച് നടക്കും. 500 ഓളം കുട്ടികൾ നാടക വേഷങ്ങളണിഞ്ഞ് നീങ്ങുന്ന മാർച്ച് നാട്ടിലെ പഴയകാല നാടകപ്രവർത്തകർക്ക് ആദരമർപ്പിയ്ക്കും.
ക്യാമ്പ് അംഗങ്ങളായ കുട്ടികൾ തയ്യാറാക്കുന്ന 15 നാടകങ്ങളോടെ മെയ് 2ന് കളി ആട്ടം സമാപിക്കും. യൂ. കെ രാഘവൻ, സുനിൽ തിരുവങ്ങൂർ, ഇ.കെ.അജിത്ത്, അശോകൻ കോട്ട്, വി.വി. മോഹനൻ, കെ. രാമചന്ദ്രൻ, വിനീത് പൊന്നാടത്ത് എന്നിവർ പരിപാടിയോടനുബന്ധിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.