സൈബർ കുറ്റകൃത്യങ്ങൾക്ക് പൂട്ടിടാൻ നൂതന പരിശീലനവുമായി പൊലീസ്
തിരുവനന്തപുരം: സൈബർ കുറ്റകൃത്യങ്ങൾക്കും ഓൺലൈൻ തട്ടിപ്പുകൾക്കും പൂട്ടിടാൻ നൂതന പരിശീലനവുമായി പൊലീസ്. സിവിൽ പൊലീസ് ഓഫീസർമാർക്കുള്ള പരിശീലനത്തിലാണ് സൈബർ തട്ടിപ്പുകാരെ പ്രതിരോധിക്കാനുള്ള ‘പൊലീസ് മുറ’ കൂടി പഠിപ്പിക്കുന്നത്. സിവിൽ പൊലീസ് ട്രെയിനികളുടെ രണ്ടാം ബാച്ചിൻറെ പരിശീലനം കഴിഞ്ഞ ദിവസം കേരള പൊലീസ് അക്കാദമിയിലും ബറ്റാലിയനുകളിലുമായി ആരംഭിച്ചിരുന്നു.

സൈബർ ആക്രമണങ്ങൾ, ഓൺലൈൻ തട്ടിപ്പടക്കമുള്ള സൈബർ കുറ്റകൃത്യങ്ങൾ അന്വേഷിക്കാനുള്ള പരിശീലന പരിപാടികളും പുതിയ ബാച്ചുകളുടെ സിലബസിൻറെ ഭാഗമാക്കിയിട്ടുണ്ട്. അടിസ്ഥാന പരിശീലനത്തിനൊപ്പം സാങ്കേതിക വിദ്യയിലും കംപ്യൂട്ടറും ഓൺലൈൻ അന്വേഷണവും കൈാര്യം ചെയ്യുന്നതിലും പ്രായോഗിക അറിവ് ലഭ്യമാക്കുകയാണ് ലക്ഷ്യം.

പരിശീലനത്തിനെത്തുന്ന ട്രെയിനി പൊലീസുകാർ യൂണിഫോമടക്കമുള്ളവയ്‌ക്കൊപ്പം ലാപ്ടോപ് കൂടി കരുതണമെന്നും ഇത് പരിശീലനത്തിന് അഭികാമ്യമായിരിക്കുമെന്നും ആംഡ് പൊലീസ് ബറ്റാലിയൻ എഡിജിപി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. യൂണിഫോം, ബൂട്ട്, കാൻവാസ് തുടങ്ങി പരിശീലനത്തിന് ഹാജരാകുമ്പോൾ കൊണ്ടുവരേണ്ട സാധനങ്ങളുടെ പട്ടിക ട്രെയിനികൾക്ക് നിയമനത്തിനൊപ്പം നൽകാറുണ്ട്. ഈ പട്ടികയിലിനി ലാപ്‌ടോപുമുണ്ടാകും.

നിലവിൽ ലാപ്‌ടോപ് ഇല്ലാത്തവർക്ക് വാങ്ങാനുള്ള സംവിധാനം അതാതിടങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ ഒരുക്കും. പൊലീസ് സ്റ്റോറുകളിൽ നിന്നാണ് ട്രെയിനികൾ സാധാരണ യൂണിഫോമും മറ്റ് വസ്തുക്കളുമെല്ലാം വാങ്ങുന്നത്. പൊലീസ് ക്യാന്റീനുകളിലും സഹകരണ സംഘങ്ങളിലുമെല്ലാം ഇലക്‌ട്രോണിക് ഷോപ്പുകളുണ്ട്. ഇവിടെ നിന്ന് മാസതവണ വ്യവസ്ഥയിൽ ലാപ്ടോപ് വാങ്ങാനുള്ള സൗകര്യമൊരുക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

നേരത്തെ ഐപിഎസ് ഉദ്യോഗസ്ഥരുടെ പരിശീലനത്തിന് ലാപ്‌ടോപ് കൊണ്ടുവരണമെന്ന് നിർദേശിക്കാറുണ്ടായിരുന്നു. എന്നാൽ, സിവിൽ സർവീസ് പൊലീസുകാർക്ക് ഇത്തരമൊരു നിർദേശം ആദ്യമാണ്. പൊലീസുകാർക്ക് സൈബർ കുറ്റകൃത്യ പരിശീലനം ഉറപ്പാക്കുന്നതിലൂടെ തട്ടിപ്പുകൾ നല്ല രീതിയിൽ പ്രതിരോധിക്കാനാകുമെന്നാണ് പൊലീസിൻറെ പ്രതീക്ഷ.
