കണ്ണൂരിൽ വി എസിന്റെ അനുശോചന പോസ്റ്റര്‍ നശിപ്പിച്ച ആര്‍ എസ് എസുകാരനെതിരെ പൊലീസ് കേസെടുത്തു

കണ്ണൂരിൽ വി എസ് അച്യുതാനന്ദൻ്റെ വിയോഗത്തിൽ അനുശോചിച്ച് സ്ഥാപിച്ച പോസ്റ്റര്‍ നശിപ്പിച്ച ആര്‍ എസ് എസ് പ്രവര്‍ത്തകനെതിരെ പൊലീസ് കേസെടുത്തു. കണ്ണൂര്‍ കമ്പനിമുക്ക് സ്വദേശി എ എന്‍ ബാബുവിനെതിരെയാണ് കേസെടുത്തത്. പോസ്റ്റര്‍ നശിപ്പിക്കുന്നതിന്റെ സി സി ടി വി ദൃശ്യം പുറത്തുവന്നിരുന്നു.

അതിനിടെ, കാസർഗോഡ് വി എസ് അച്യുതാനന്ദനെ അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന് ഒരു കേസ് കൂടി. കാസര്‍ഗോഡ് നീലേശ്വരം തൈക്കടപ്പുറം സ്വദേശി റഷീദ് മൊയ്തുവിന് എതിരെയാണ് പൊലീസ് കേസെടുത്തത്. ഇതോടെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം മൂന്നായി. നീലേശ്വരം, കുമ്പള, ബേക്കല്‍ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റർ ചെയ്തത്.

വി എസ് അച്യുതാനന്ദനെതിരെ ഫേസ്ബുക്കില്‍ അധിക്ഷേപ പോസ്റ്റിട്ടയാള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഡി വൈ എഫ് ഐയുടെ പരാതിയില്‍ ആണ് എറണാകുളം ഏലൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. വൃന്ദ വിമ്മി എന്ന എഫ് ബി അക്കൗണ്ട് ഉടമയ്‌ക്കെതിരെയാണ് കേസെടുത്തത്. വി എസിന്റെ ചിത്രവും അശ്ലീല പരാമര്‍ശങ്ങളും ഉള്‍പ്പെടുന്ന കുറിപ്പ് പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഡി വൈ എഫ് ഐ ഏലൂര്‍ വെസ്റ്റ് മേഖലാ സെക്രട്ടറി സി എ അജീഷിന്റെ പരാതിയിലാണ് കേസെടുത്തത്.

