കാപ്പ ചുമത്തി നാടുകടത്തി അനധികൃതമായി ജില്ലയിൽ പ്രവേശിച്ചയാളെ പൊലീസ് പിടികൂടി

കാപ്പ ചുമത്തി നാടുകടത്തി അനധികൃതമായി ജില്ലയിൽ പ്രവേശിച്ചയാളെ പൊലീസ് പിടികൂടി. മാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പ്രതിയായ ഷിബിൻ ലാൽ @ ജിബ്രുട്ടൻ എന്നയാളാണ് അനധികൃതമായി ജില്ലയിൽ പ്രവേശിച്ചത്. കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലും പാളയം ബസ് സ്റ്റാൻഡിലും ഇയാൾ കറങ്ങി നടക്കുന്നതായും ഇടക്കിടെ മാവൂരിലും പരിസരങ്ങളിലും വന്ന് പോകുന്നതായും, മാവൂരിലും തെങ്ങിലക്കടവിലുമുള്ള പെട്രോൾ പമ്പുകളിൽ രാത്രി പാർക്ക് ചെയ്തിരുന്ന ബസ്സുകളിൽ കിടന്നുറങ്ങുന്നതായും, രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മാർച്ച് 21-ാം തിയ്യതി വൈകിട്ട് 4.10 മണിക്ക് പാളയം സ്റ്റാൻ്റിൽ നിന്നും മാവൂർ വഴി മുക്കം ഭാഗത്തേക്ക് പോകുന്ന മുബാറക് എന്ന ബസ്സിൻ്റെ പിൻ സീറ്റിൽ ഇരുന്ന് യാത്ര ചെയ്യുവേ പൊറ്റമ്മൽ എന്ന സ്ഥലത്ത് വെച്ച് പിടികൂടി.

പ്രതിക്കെതിരെ കോഴിക്കോട് ജില്ലയിലെ മെഡിക്കൽ കോളജ് കസബ നടക്കാവ് മുക്കം മാവൂർ എന്നീ പോലീസ് സ്റ്റേഷനുകളിൽ മയക്കു മരുന്ന് ഉപയോഗിച്ചതിനും മരണം വരെ സംഭവിക്കാവുന്ന ദേഹോപദ്രവം ഏൽപ്പിച്ചതിനും ഭവന ഭേദനത്തിനുമായി നിരവധി കേസുകൾ നിലവിലുണ്ട്. പിടികൂടിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
