കോഴിക്കോട് ജില്ലയിലെ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അവാർഡിന് മിഥുൻ മോഹൻ സി അർഹനായി.
കൊയിലാണ്ടി: എൻ എസ് എസ് സംസ്ഥാന അവാർഡ് തിളക്കത്തിൽ വീണ്ടും പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ. പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി നാഷണൽ സർവീസ് സ്കീം സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ജില്ലയിലെ മികച്ച എൻ.എസ്.എസ് യൂണിറ്റ് അംഗീകാരം പൊയിക്കാവ് എച്ച്.എസ്.എസ് നേടി. ജില്ലയിലെ മികച്ച പ്രോഗ്രാം ഓഫീസർ അവാർഡിന് മിഥുൻ മോഹൻ സി അർഹനായി. 2018-19 വർഷത്തിൽ ഈ വിദ്യാലയത്തിൽ നാല് സംസ്ഥാന എൻ എസ് എസ് അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

സ്നേഹഭവനം, ഓണക്കിറ്റ് വിതരണം, ലഹരിക്കെതിരെയുള്ള സൈക്കിൾ റാലി, തെരുവുനാടകം, ഫ്ലാഷ് മോബ്, പാലിയേറ്റീവ് പ്രവർത്തനങ്ങൾ, എൽ.ഇ.ഡി ബൾബ് നിർമ്മാണം, ക്യാൻസർ രോഗികൾക്കായി കേശദാനം, വിവിധ കൃഷിയിടങ്ങളിലെ വേറിട്ട പ്രവർത്തനം, സാനിറ്റൈസർ നിർമ്മാണം, വയനാട്ടിൽ കുടിവെള്ളക്ഷാമം തടയുന്നതിന് കാളിന്ദി നദിയിൽ തടയണ നിർമ്മാണം, മാനന്തവാടി മേഖലയിൽ അഞ്ചോളം വീടുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ, മിയാവാക്കി നിർമ്മാണം, ക്ലസ്റ്റർ തലത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാൻ ചാലക ശക്തിയായി, മില്ലറ്റ് കൃഷിയിൽ ജില്ലയിലെ മികച്ച പ്രവർത്തനം, സമുദ്രതീര ശുചീകരണം, കണ്ടൽ തൈ നടൽ എന്നിവ യൂണിറ്റിന്റെ വിവിധ പ്രവർത്തനങ്ങൾ ആണ്.

എൻ.എസ്.എസിന്റെ സമുന്നതി പദ്ധതിയുടെ ആവിർഭാവം പിന്നീട് അത് ആർച്ച എന്ന പേരിൽ എൻ.എസ്.എസിന്റെ സംസ്ഥാന പരിപാടിയായി മാറി. രക്ത ദാന ക്യാമ്പുകൾ, മെഡിക്കൽ ക്യാമ്പുകൾ, അവശ നിലയിലുള്ള രോഗികൾക്ക് ആശ്രയമായും നാടിന്റെ സ്പന്ദനമായും പൊയിൽക്കാവ് എൻ.എസ്.എസ് യൂണിറ്റ് മാറി.
