KOYILANDY DIARY

The Perfect News Portal

സെല്ലി കീഴൂർ എഴുതിയ കവിത ”പ്രവാസയാത്ര”

സെല്ലി കീഴൂർ എഴുതിയ കവിത ”പ്രവാസയാത്ര”

പിറുപിറുത്തു കൊണ്ട്
പ്രാരാബ്ധങ്ങളുടെ ഭാണ്ഡക്കെട്ടിൽ
പരിഭവങ്ങൾക്കൊപ്പം
സോപ്പും ചീർപ്പും തോർത്തുമെടുത്തു
വെക്കുന്നുണ്ടവൾ …….

കരഞ്ഞു കലങ്ങിയ കണ്ണിൽ
തീ ഊതിയപ്പോൾ
പൊടി പോയതാണെന്
നരച്ച പുഞ്ചിരിയാൽ
ഫലിക്കാതെ പോയ കള്ളം പറയുന്നുണ്ടുമ്മ

Advertisements

സങ്കടപ്പെരുമഴയിലും
‘ ടിക്കറ്റൊക്കെ എടുത്തിക്കെടോ ‘
എന്നാരാഞ്ഞ് കൃത്രിമഗൗരവം
നടിക്കുന്നുണ്ടുപ്പ

കളി ചിരി മാറാത്ത കുഞ്ഞു മുഖത്ത്
ഉപ്പയെങ്ങു പോവുന്നെന്ന
കൗതുകത്തോടെ ഉറ്റുനോക്കുന്ന കുഞ്ഞു മകൾ
ആന കളിക്കാനും തോട്ടിലെ
വെള്ളം തേവി പൊടിമീനിനെ
പിടിക്കാനിനിയാരെന്ന ചിണുങ്ങുന്നു

‘അന്യ നാടാണ് ചരയിക്കണേമോനെ ‘ന്ന്
അടക്കം പറയുന്നുണ്ട്
മുചുകുന്നിലെ മൂത്തുമ്മ

അനിയനും പെങ്ങൻമാരും
സങ്കട പുഞ്ചിരി സമ്മാനിച്ച്
ഒഴിഞ്ഞ് മാറുന്നുണ്ട്, …..

അടുക്കളയിലെ കലപില
ശബ്ദത്തിനിടയിൽ
‘ഇഞ്ഞാടത്തെയാൽ ബിളിക്കണേ’ ന്ന്
ഓർമ്മപ്പെടുത്തുന്നുണ്ട്
അക്കരേലെ  ആമിൻച്ച

യാത്രമംഗളങ്ങൾ നേർന്ന് സ്നേഹ തലോടലായ്
വീട്ടിലെത്തിയിട്ടുണ്ട്
‘എടവലക്കാർ ‘

പെരുമ്പറ മുഴങ്ങുന്ന
ഹൃദയത്തേയും തോരാമഴ
പെയ്യുന്ന കണ്ണിനേയും നിയന്ത്രിക്കാൻ
പരാജയമടഞ്ഞൊരു പുഞ്ചിരി
മുഖത്തൊട്ടിച്ചു വെച്ചിട്ടുണ്ട് ഞാൻ

സങ്കടങ്ങൾക്ക്  സംഗീതം
പകരാൻ
ഒരു ചാറ്റൽ മഴ
എന്നെ അനുഗമിക്കുന്നുണ്ടായിരുന്നു.

സെല്ലി..