KOYILANDY DIARY

The Perfect News Portal

പോക്സോ കേസ്: കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി എസ് യെദ്യുരപ്പക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

ബംഗളൂരു: പോക്സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി എസ് യെദ്യുരപ്പക്കെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കഴിഞ്ഞ ഫെബ്രുവരി 2-ന് പതിനേഴുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസിലാണ് നടപടി.
നേരിട്ട് ഹാജരായി മൊഴി നൽകാൻ അന്വേഷണ സംഘം യെദ്യുരപ്പയ്ക്ക് നിർദേശം നൽകിയിരുന്നു. ജൂൺ 12-ന് ഹാജരാകാനായിരുന്നു ആവശ്യമെങ്കിലും ഡൽഹിയിലായിരുന്നതിനാൽ ഹാജരായിരുന്നില്ല. ബെംഗളുരുവിലെ അതിവേഗ കോടതിയുടേതാണ് നടപടി. കർണാടക സിഐഡി വകുപ്പ് മാർച്ചിൽ രജിസ്റ്റർ ചെയ്ത‌ കേസിലാണ് കോടതി അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
അതേസമയം, പോക്സോ കേസിൽ അറസ്റ്റു തടയാൻ മുൻകൂർ ജാമ്യം തേടി യെദ്യുരപ്പ കോടതിയെ സമീപിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ വീട്ടിൽ സഹായമഭ്യർഥിച്ച് പോയ തന്റെ പ്രായപൂർത്തിയാകാത്ത മകളോട് യെദ്യുരപ്പ അശ്ലീല ചുവയോടെ സംസാരിച്ചെന്നും സ്വകാര്യ ഭാഗങ്ങളിൽ സ്‌പർശിച്ചെന്നും ചൂണ്ടിക്കാട്ടി അമ്മയാണ് സദാശിവ നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
Advertisements
പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ പോക്‌സോ വകുപ്പ് ചുമത്തി മാർച്ച് 14-ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പരാതി അടിസ്ഥാനരഹിതമാണെന്നും വീട്ടിലെത്തിയ അമ്മയ്ക്കും മകൾക്കുമെതിരെ തന്റെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടില്ലെന്നുമാണ് യെദ്യുരപ്പയുടെ പ്രതികരണം